മലപ്പുറം : അരീക്കോട് സെവൻസ് ടൂർണമെൻ്റിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ പൊലീസ് കേസെടുത്തു. ഐവറി കോസ്റ്റ് പൗരൻ ഹസൻ ജൂനിയറിനെതിരെയാണ് കളി കാണാനെത്തിയ യുവാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. കളി കാണാൻ എത്തിയപ്പോൾ തന്നെ മർദിച്ചെന്നാണ് അരീക്കോട് സ്വദേശിയുടെ പരാതി. ഭീഷണിപ്പെടുത്തൽ, മർദിക്കൽ,അസഭ്യം പറയൽ, എന്നിവയുടെ പേരിലാണ് വകുപ്പുകൾ ചുമത്തിയത്.
മലപ്പുറം അരീക്കോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെയാണ് ദിവസങ്ങൾക്ക് മുൻപ് അതിക്രമമുണ്ടായത്. ഫുട്ബോൾ ടൂർണമെന്റിനിടെ താരത്തെ കാണികൾ വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്നായിരുന്നു പുറത്തു വന്ന വാർത്ത. സംഭവം വാർത്തയായതിന് പിന്നാലെ ഐവറി കോസ്റ്റിൽ നിന്നുള്ള ഫുട്ബോൾ താരമായ ഹസൻ ജൂനിയർ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകി. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് താരം പരാതി നൽകിയത്. കാണികൾ വംശീയാധിക്ഷേപം നടത്തിയതായും ഇയാളുടെ പരാതിയിലുണ്ടായിരുന്നു.
അരീക്കോട് ചെമ്രകാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോൾ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഒരു വിഭാഗം കാണികൾ ഗ്രൗണ്ടിലിറങ്ങി ഹസൻ ജൂനിയറെ മർദ്ദിച്ചത്. കാണികളിൽ ചിലർ തന്നെ ബ്ലാക്ക് മങ്കി എന്നു വിളിച്ച് വംശീയമായി അധിക്ഷേപിച്ചെന്നും ചില്ലർ കല്ലെറിഞ്ഞെന്നും അതിനെ ചോദ്യം ചെയ്തപ്പോൾ വട്ടംകൂടി മർദ്ദിച്ചെന്നും ഹസ്സൻ ജൂനിയർ ആരോപിക്കുന്നു.
കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഒരു വിഭാഗം ആളുകൾ താരത്തിനെതിരെ തിരിഞ്ഞത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് അരീക്കോട് പോലീസ് കേസ് എടുത്തത്.
കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നൽകുമെന്നും ഹസൻ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് എസ്പി നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം മത്സരം അവസാന ഘട്ടത്തിലെത്തിയപ്പോൾ പരിക്കു പറ്റിയതായി അഭിനയിച്ച് ഹസൻ ജൂനിയർ ഗ്രൗണ്ടിൽ കിടന്നുവെന്നും ഇതു ചോദ്യം ചെയ്ത കാണിയെ കളം വിട്ടിറങ്ങി മർദ്ദിക്കാൻ ശ്രമിച്ചെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും നാട്ടുകാരിൽ ചിലർ ആരോപിക്കുന്നു.