സംസ്ഥാന പൊലീസിന്റെ പ്രധാന കംപ്യൂട്ടറുകളും ആപ്പുകളും ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. കംപ്യൂട്ടറുകളുടെയും ആപ്പുകളുടെയും യൂസര്‍ നെയിം, പാസ് വേര്‍ഡ് തുടങ്ങിയവയും ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം.
എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു മാസം മുമ്പ് ഹാക്കിങ്ങ് നടന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പൊലീസ് ആസ്ഥാനത്തെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്.
കഴിഞ്ഞ മാസം ഒന്‍പതിനോ അതിന് മുമ്പോ ആയിരിക്കാം ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് കരുതുന്നത്. കംപ്യൂട്ടറുകള്‍ക്ക് പുറമെ സിഎംഒ പോര്‍ട്ടല്‍,
പൊലീസ് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളായ ക്രൈം ഡ്രൈവ്, ഐ ആപ്പ്, പോല്‍ ആപ്പ്, പൊലീസ് വെബ്സൈറ്റ്, സ്പാര്‍ക്ക് തുടങ്ങിയവയുടെ യൂസര്‍ നെയിം പാസ് വേര്‍ഡ്, ഇ-മെയില്‍ ഐഡി എന്നിവയും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹാക്ക് ചെയ്തവരുടെ ഐ.പി അഡ്രസ്സ് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഐടി ആക്ടിലെ 43, 66 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.