കൊല്ലം: കൊല്ലം കടയ്ക്കലിൽ സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയ സംഭവം കെട്ടിച്ചമചതാണെന്ന് പൊലീസ്. സൈനികൻ തന്നെ മെനഞ്ഞ കഥയാണിതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ രാജസ്ഥാനിൽ സൈനികനായി ജോലി ചെയ്യുന്ന ചാണപ്പാറ സ്വദേശി ഷൈൻ കുമാർ (35), സുഹൃത്ത് ഷാജി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച അർധരാത്രി സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും ഷർട്ട് വലിച്ചുകീറി പുറത്ത് പച്ച പെയിന്റ് കൊണ്ട് പി.എഫ്.ഐ. എന്നെഴുതുകയുമായിരുന്നെന്നാണ് ഷൈൻ പരാതിയിൽ പറഞ്ഞത്. എന്നാൽ ഇത് സൈനികൻ സ്വയം കെട്ടിചമച്ച കഥയാണെന്നും സുഹൃത്തായ ജോഷിയാണ് ഷൈനിൻ്റെ മുതുകിൽ എഴുതിയതെന്നുമാണ് ഇപ്പോൾ തെളിഞ്ഞത്.
പി.എഫ്.ഐ എന്ന് എഴുതാൻ ഇവർ ഉപയോഗിച്ച പെയിൻറും ബ്രഷും കണ്ടെടുത്തിട്ടുണ്ട്. പ്രശസ്തനാകാനുള്ള ഷൈനിൻറെ ആഗ്രഹമാണ് വ്യാജ പരാതി നൽകാൻ കാരണമെന്ന് സുഹൃത്ത് ജോഷി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പൊലീസ് പറഞ്ഞു.
അവധി കഴിഞ്ഞു കഴിഞ്ഞ ദിവസം രാജസ്ഥാനിലേക്ക് മടങ്ങാനിരിക്കുയായിരുന്നു ഷൈൻകുമാർ. ഇതിനിടെ വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുക്കടയിൽനിന്ന് ചാണപ്പാറയിലേക്കുള്ള വഴിയിലെ റബർ തോട്ടത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം എന്നായിരുന്നു ഷൈൻ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. വിഷയം ദേശീയതലത്തിൽ വാർത്തയായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മിലിട്ടറി ഇൻ്റലിജൻസും വിഷയത്തിൽ അന്വേഷണം തുടങ്ങിയിരുന്നു.
പരാതി കിട്ടിയ അടുത്ത ദിവസം സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉച്ചവരെ സ്ഥലം അരിച്ചു പെറുക്കിയെങ്കിലും ആക്രമണം നടന്നതിൻ്റെ യാതൊരു ലക്ഷണങ്ങളോ തെളിവോ സ്ഥലത്തുണ്ടായിരുന്നില്ല. മാത്രമല്ല മൊഴിയെടുപ്പിൽ ഷൈൻ പറഞ്ഞ കാര്യങ്ങളിൽ വൈരുധ്യമുണ്ടായതും പൊലീസിനെ സംശയത്തിലാഴ്ത്തി. പ്രദേശത്ത് ഇങ്ങനെയൊരു ആക്രമണം നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന പ്രദേശവാസികളുടെ മൊഴിയും പൊലീസിൻ്റെ സംശയം ബലപ്പെടുത്തി. ഇതേ തുടർന്ന് ഷൈനിനേയും സുഹൃത്തിനേയും മാറ്റിയിരുത്തിയും ഒരുമിച്ചും നടത്തിയ ചോദ്യം ചെയ്യല്ലിനൊടുവിലാണ് കള്ളി വെള്ളിച്ചതായത്.
ഇതിനിടെ ഷൈനിനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. സംഭവം ദേശീയ തലത്തിൽതന്നെ സംഘ്പരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കേരളത്തിൽ സൈനികനെ ആക്രമിച്ച് പിഎഫ്ഐ ചാപ്പകുത്തിയെന്ന വാർത്ത ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. സമൂഹമാധ്യമങ്ങളിലും വാർത്ത വലിയ തോതിൽ പ്രചരിച്ചു