റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയതിന് നീങ്ങിതുടങ്ങിയ ട്രെയിനില്‍ നിന്നും അമ്മയെയും മകളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. വീഴ്ചയില്‍ അമ്മയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.
കണ്ണൂര്‍ പാപ്പിനിശ്ശേരി വെണ്ടക്കന്‍ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ഷരീഫ, 17 വയസുള്ള മകള്‍ എന്നിവരെയാണ് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ടോടെയാണ് സംഭവം.
കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകാന്‍ പുറപ്പെട്ട കുടുംബത്തിന് ജനറല്‍ ടിക്കറ്റ് ആണ് ഉണ്ടായിരുന്നത്. നേത്രാവതി എക്സ്പ്രസില്‍ ജനറല്‍ കംമ്പാര്ട്മെന്റില് തിരക്കായതിനാല്‍ ഭാര്യയെയും മകളെയും റിസര്‍വേഷന്‍ കോച്ചില്‍ കയറ്റി. മകനും ഫൈസലും ജനറല്‍ കംമ്പാര്ട്മെന്റില് കയറുകയും ചെയ്തു. ട്രെയിന്‍ പുറപ്പെടുന്നതിനിടയില്‍ ബഹളം കേട്ട് പുറത്തേക്ക് നോക്കിയപ്പോള്‍ മകളെയും മറ്റു രണ്ട് കുട്ടികളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിറക്കുന്നതായി കണ്ടു. ഉടനെ മകനെയും കൂട്ടി ട്രെയിനില്‍ നിന്ന് ഇറങ്ങി മകളെ പിടിച്ചു. അപ്പോള്‍ ഭാര്യയെയും തള്ളിയിറക്കി.
വീഴ്ചയില്‍ ഭാര്യയുടെ കൈക്ക് പരിക്ക് പറ്റിയതായി ഫൈസല്‍ പറഞ്ഞു. റെയില്‍വേ സുരക്ഷ സേന എത്തി പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ എത്തി. തിരക്കിനിടയില്‍ കുട്ടിയെയും ഭാര്യയെയും ടിടിഇ തള്ളിയിട്ടതാണെന്നും അന്വേഷിച്ച് ടിടിഇയ്ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് റെയില്‍വേ പൊലീസിന് പരാതി നല്കി.
ടിടിഇയോട് സ്റ്റേഷനില്‍ ഹാജരാകാന്‍ സാധിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും റെയില്‍വേ പൊലീസ് അറിയിച്ചു.