കോഴിക്കോട്: വ്യാജഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ വ്യാജ ഡോക്ടര്‍ അബു എബ്രഹാം ലൂക്ക് നേരത്തെ ഒൻപത് ആശുപത്രികളിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. ഡോക്ടറെന്ന നിലയിൽ ഇയാൾക്ക് രോഗികൾക്കിടയിൽ വലിയ മതിപ്പുണ്ടായിരുന്നുവെന്നും ഇയാളുടെ ചികിത്സ തേടി രോഗികൾ വന്നിരുന്നുവെന്നും വിവരമുണ്ട്. കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന അബു എബ്രഹാം ലൂക്ക് സെമസ്റ്റർ പരീക്ഷ തോറ്റതോടെ പഠനം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ഇയാളുടെ ചികിത്സയിൽ കൃത്യമായ രോഗനിർണയം നടക്കാതെ മരണപ്പെട്ട കോഴിക്കോട് മണ്ണൂർ പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറിന്റെ മരുമകൾ ഡോ. മാളവികയാണ് ഇയാൾ വ്യാജഡോക്ടറാണെന്ന് കണ്ടെത്തിയത്. അബു എബ്രഹാമിന്റെ സഹപാഠിയായിരുന്നു മാളവിക. തിരുവല്ല സ്വദേശിയായ അബു എബ്രഹാം ജോലി നോക്കിയിരുന്നത് കോഴിക്കോട് കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലായിരുന്നു. 23-ന് പുലർച്ചെ ഇവിടെ നെഞ്ചുവേദനയും ശ്വാസതടസ്സവുമായി എത്തി വിനോദ് കുമാറിന് കൃത്യമായ ചികിത്സ ലഭിച്ചില്ല. ആശുപത്രിയിൽ എത്തിച്ച ഇയാൾക്ക് ഹൃദയാഘാതത്തിൻ്റെ ശക്തമായ ലക്ഷണങ്ങളുണ്ടായിട്ടും രക്തപരിശോധനയ്ക്കും ഇസിജിക്കും അയക്കുകയാണ് ഡോക്ടർ ചെയ്തത്. ആശുപത്രിയിലെത്തി അധികം വൈകാതെ കൃത്യമായി പരിചരണം ലഭിക്കാതിരുന്ന വിനോദ് കുമാർ മരണപ്പെട്ടു.
വിനോദ് കുമാറിനുണ്ടായ കടുത്ത ലക്ഷണങ്ങളും ആശുപത്രിയിലെത്തി ഉടനെ മരണപ്പെടുകയും ചെയ്തതോടെ ഹാർട്ട് അറ്റാക്ക് കാരണമുള്ള മരണം എന്നാണ് ബന്ധുക്കൾ ഇതിനെ സമീപിച്ചത്. യാതൊരു പരാതിയും ഉന്നയിക്കാതെ സാധാരണ നിലയിൽ കുടുംബം വിനോദിൻ്റെ മൃതദേഹം ഏറ്റുവാങ്ങി പോകുകയും ചെയ്തു.
എന്നാൽ പിന്നീട് വിനോദ് കുമാറിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിനോദ് കുമാറിൻ്റെ രണ്ടാമത്തെ മകനും ഡോക്ടറുമായ അശ്വിൻ്റെ ഭാര്യ മാളവിക ബന്ധുവുമായി ആശുപത്രിയിൽ എത്തി. ഇവിടെ അബു എബ്രഹാം എന്ന പേര് കണ്ടതോടെ ഇത് തൻ്റെ സീനിയറായി പഠിച്ചയാളാണോ എന്ന സംശയം മാളവികയ്ക്ക് ഉണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സമാന പേരുള്ള മറ്റൊരാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു അബു എബ്രഹാം ചികിത്സ തുടങ്ങിയത്. ആര്‍എംഒ ഒഴിവിലേക്ക് ഡോക്ടര്‍മാരെ നിയമിക്കാന്‍ ആശുപത്രി അധികൃതര്‍ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ അബു പി സേവ്യര്‍ എന്ന പേരായിരുന്നു ലഭിച്ചത്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ തനിക്ക് രണ്ട് പേരുണ്ടെന്നായിരുന്നു ഇയാള്‍ നല്കിയ വിശദീകരണം.