40ലധികം യുഎഇ പൗരന്മാർക്ക് തൊഴിൽ നൽകിയെന്ന വ്യാജരേഖ കെട്ടിചമച്ച കമ്പനി ഡയറക്ടർക്ക് തടവുശിക്ഷ. വ്യാജ ഇ രേഖകളും തൊഴിലാളി കരാർ രേഖകളുമൊക്കെ ഉണ്ടാക്കി എമിറേറ്റി പൗരന്മാരെ ജോലിക്ക് നിയമിച്ചെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയതിനെതിരെയാണ് നടപടി. എമിറേറ്റി പൗരന്മാർക്ക് തൊഴിൽ നൽകുമ്പോൾ ലഭിക്കുന്ന സാമ്പത്തിക സഹായം കൈക്കലാക്കാനായിരുന്നു ഈ തട്ടിപ്പ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
തട്ടിപ്പിനെപ്പറ്റി ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം യുഎഇ അറ്റോർണി ജനറലിന് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് നടപടി. തുടർന്ന് അറ്റോർണി ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. അതേസമയം ഇത്തരത്തിൽ രാജ്യത്ത് നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ തട്ടിപ്പ് തെളിയിക്കപ്പെട്ടാൽ കനത്ത പിഴയും തടവ് ശിക്ഷയും ലഭിക്കും.