കൊച്ചി:കൊച്ചി കയർ ബോർഡിലെ ജീവനക്കാരി ജോളി മധു മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എംഎസ്എംഇ.ജോളി തൊഴിൽ പീഡനം നേരിട്ടുവെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു, അതിനു പിന്നാലെയാണ് നടപടി. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കയർ ബോർഡ് നിർദ്ദേശം നൽകി.
തലയിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ജോളി മരിച്ചത്. സംഭവത്തിൽ കയർബോർഡ് ചെയർമാനും മുൻ സെക്രട്ടറിക്കുമെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള കയർ ബോർഡിലെ കൊച്ചി ഓഫീസിലെ സെക്ഷൻ ഓഫീസറായിരുന്നു ജോളി. ജോളി കാൻസർ അതിജീവിതയാണ്. അത് പരിഗണിക്കാതെയാണ് തൊഴിലിടത്തിൽ അതീവ മാനസിക സമ്മർദം അനുഭവിക്കേണ്ടിവന്നതെന്ന് സഹോദരൻ പറഞ്ഞു.
അഴിമതിക്ക് കൂട്ടുനിൽക്കാതിരുന്നതിനാൽ കൊച്ചിയിൽനിന്ന് ഹൈദരാബാദിലേക്ക് പ്രമോഷൻ നൽകാതെ ജോളിയെ സ്ഥലംമാറ്റി. ഇതേത്തുടർന്ന് പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ആർക്കെതിരെയാണോ പരാതിനൽകിയത് അവരിൽനിന്ന് വീണ്ടും ഭീഷണികൾ നേരിടേണ്ടിവന്നു.കയർ ബോർഡ് മുൻ സെക്രട്ടറി, മുൻ ചെയർമാൻ എന്നിവർക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.