ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ മാസപ്പിറ കാണാത്തതിനാല്‍ ശനിയാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രതിസന്ധികള്‍ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യര്‍ക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉള്‍ക്കരുത്ത് ഈദുല്‍ ഫിത്വര്‍ പകരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി പെരുന്നാള്‍ ആശംസ നേര്‍ന്നത്.
‘വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്പോട്ടുള്ള ജീവിതത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. അപ്പോള്‍ മാത്രമേ അതിന്റെ മഹത്വം കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂര്‍ണ്ണമാക്കട്ടെ. നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയര്‍ത്താം.
ഏവര്‍ക്കും ഹൃദയപൂര്‍വ്വം ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായത്തോടെ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച പെരുന്നാളായി പ്രഖ്യാപിച്ചത്. ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന് 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ചയാവും ഈദുല്‍ ഫിത്വര്‍ എന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ജിസിസിയിലും കേരളത്തിലും ഒരേ ദിവസമാണ് റമദാന് വ്രതാരംഭം തുടങ്ങിയത്. അഞ്ച് വെള്ളിയാഴ്ചകള്‍ വന്ന റമദാന് മാസമെന്ന പ്രത്യേകതയും ഇക്കുറിയുണ്ടായി.