നിയമസഭ ചേർന്ന രണ്ടാം ദിവസം ലൈഫ് മിഷൻ കോഴയിടപാടിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ വാക് പോര്. അടിയന്തര പ്രമേയത്തിനായി നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു.
ഇതിന് പിന്നാലെ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. തുടർന്ന് സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വലിയ വാദപ്രതിവാദമുണ്ടായി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് ബഹളം വെച്ചു.
താൻ പറഞ്ഞത് കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിക്ക് കൊടുത്ത റിപ്പോർട്ടിനെയാണ് താൻ ഉദ്ധരിച്ചതാണെന്നും കുഴൽനാടൻ വിശദീകരിച്ചു. തെറ്റാണെങ്കിൽ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും കുഴൽനാടൻ ചോദിച്ചു. ഇതിന് മുഖ്യമന്ത്രിയും മറുപടി നൽകി. മാത്യു ഏജൻസിയുടെ വക്കീൽ ആകുകയാണ്. ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാം. പക്ഷേ ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും സ്വന്തം നിലയ്ക്ക് കാര്യം തീരുമാനിക്കാൻ തനിക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ ഉപദേശം കേൾക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കുഴൽനാടന് മറുപടി നൽകി.