തിരുവനന്തപുരം: പി.എസ്.സി അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പാർട്ടിക്കുളളിൽ പരാതി. 60 ലക്ഷത്തിന്റെ ഡീലിൽ 22 ലക്ഷം കൈപ്പറ്റിയെന്നും പരാതിയിൽ ആരോപിക്കുന്നു.ഇതേക്കുറിച്ച് സംസ്ഥാനനേതൃത്വം രഹസ്യമായ അന്വേഷണം നടത്തിയപ്പോഴാണ് ഇടപാടിന്റെ വിവരങ്ങൾ കണ്ടെത്തിയത്.
ഇടപാട് നടന്നിട്ടുണ്ട് എന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടു. എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിഷയം ചർച്ച ചെയ്തിട്ടില്ല. വിവരം പാർട്ടി സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. സിപിഎം ഏരിയാ തലത്തിൽ പ്രവർത്തിക്കുന്ന യുവ നേതാവിനെതിരായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇദ്ദേഹത്തിന് മറ്റ് നേതാക്കളുടെ പിന്തുണയുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. പരാതിയിൽ വിശദമായി അന്വേഷണം നടത്താനാണ് പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം.ആരോഗ്യമേഖലയിലെ ഒരാൾക്ക് പി.എസ്.സി. അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. മന്ത്രി മുഹമ്മദ് റിയാസിലൂടെ പാർട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനൽകുമെന്ന് വിശ്വസിപ്പിച്ചു.
നിയമനം വാഗ്ദാനംചെയ്യുന്നതും ഡീൽ ഉറപ്പിക്കുന്നതുമായ വിവരങ്ങളുള്ള ശബ്ദസന്ദേശമടക്കം പാർട്ടിക്ക് ലഭിച്ചെന്നാണ് സൂചന.തിങ്കളാഴ്ച കോഴിക്കോട്ട് ജില്ലാകമ്മിറ്റി അടിയന്തരമായി വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ഈ യോഗത്തിൽ പങ്കെടുക്കും. നിർണായകനടപടി ഉണ്ടായേക്കുമെന്നാണ് സൂചന.