ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ മൂന്ന് ദിവസത്തെ സൗദി സന്ദർശനം തുടരുന്നു. ചൈന-അറബ് ഉച്ചകോടിയിലും ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും പങ്കെടുക്കാനായി ഇന്നലെയായിരുന്നു ഷി ജിൻപിങ് റിയാദിലെത്തിയത്. ശനിയാഴ്ചവരെ അദ്ദേഹം സൗദിയിൽ തുടരും.
സൗദി ചൈനയുടെ ഉറ്റ സുഹൃത്ത് ആണെന്നും ആറ് വർഷത്തിനുശേഷം വീണ്ടും സൗദി സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സന്തുഷ്ടനാണെന്നും പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. ചൈനീസ് സർക്കാരിനും ജനങ്ങൾക്കും വേണ്ടി സൗദി ഭരണകൂടത്തിനും ഇവിടത്തെ ജനങ്ങൾക്കും ആത്മാർഥമായ ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനായി 2004ൽ ചൈന- അറബ് സ്റ്റേറ്റ്സ് കോ–ഓപ്പറേഷൻ ഫോറം രൂപീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൈന–അറബ് ഉച്ചകോടി. ചൈന–അറബ് ബന്ധത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി ഉച്ചകോടി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശമന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു.