വയനാട് കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാമെന്ന് ഉത്തരവ്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്.
മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം എന്നാണ് ഉത്തരവ്. നേരത്തെ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള അനുമതി സൗത്ത് വയനാട് ഡിഎഫ്ഒ തേടിയിരുന്നു. കണ്ണൂര്‍ സിസിഎഫ് വഴിയാണ് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ശനിയാഴ്ച രാത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചുകൊന്നതിന് പിന്നാലെ കൂടല്ലൂര്‍ ഗ്രാമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രജീഷിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ മണിക്കൂറുകളോളം മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിച്ചിരുന്നില്ല. ജനത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തേക്ക് എത്താനും സാധിച്ചിരുന്നില്ല.
കടുവയെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് പ്രജീഷിനെ കടുവ കൊലപ്പെടുത്തിയത്. വയലില്‍ പാതി ഭക്ഷിച്ച നിലയിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശവുമാണിത്.