തിരുവനന്തപുരം: മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ നടക്കവെയാണ് കേന്ദ്രസർക്കാരിന്റെ റെഡ് സിഗ്നൽ പദ്ധതികളാകെ തകിടം മറിച്ചത്. അബുദാബി ബിസിനസ് മീറ്റിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്ന കേന്ദ്ര നിലപാടാണ് വിനയായത്. ഒടുവിൽ ഉദ്യോഗസ്ഥ സംഘത്തെ അയക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറി,ടൂറിസം,നോർക്ക സെക്രട്ടറിമാർ,ഗവൺമെന്റിന്റെ ദില്ലി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവരായിരിക്കും പരിപാടികളിൽ പങ്കെടുക്കുക. പൗരസ്വീകരണം ഒഴിവാക്കി നിക്ഷേപ സംഗമത്തിൽ മാത്രം പങ്കെടുക്കാനും മുഖ്യമന്ത്രിക്ക് അനുമതി ലഭിച്ചില്ല
മെയ് 7ന് യുഎഇയിൽ എത്തേണ്ടിയിരുന്ന മുഖ്യമന്ത്രി പങ്കെടുക്കേണ്ട 2 പരിപാടികളാണ് പ്ലാൻ ചെയ്തിരുന്നത്. ദുബായിലും അബുദാബിയിലുമായാണ് വേദികൾ. രണ്ട് എമിറേറ്റുകളിലും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. സംഘാടക സമിതി രൂപീകരിച്ച് പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത അടിയായി കേന്ദ്രതീരുമാനം വരുന്നത്. കേന്ദ്രത്തിന്റെ പിന്തിരിപ്പൻ നയം മൂലം പൗരസ്വീകരണം മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു. പുതുക്കിയ തീയതി അറയിച്ചിട്ടില്ല. ഇതോടെ ജൂൺ മാസം തീരുമാനിച്ച മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനവും ത്രിശങ്കുവിലായിരിക്കുകയാണ്