ഡൽഹി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും വിരമിക്കും. ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും മറ്റന്നാളാകും വിരമിക്കുക. ജസ്റ്റിസ് സഞ്ജീവ് ഖന്നയാകും പുതിയ ചീഫ് ജസ്റ്റിസ്.ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടിയ ഡി വൈ ചന്ദ്രചൂഡ്, ഡൽഹി സർവകലാശാലയിലെ നിയമ ഫാക്കൽറ്റിയിൽ നിന്നാണ് നിയമത്തിൽ ബിരുദം നേടിയത്.
അഭിഭാഷകനായി കരിയർ ആരംഭിച്ച ചന്ദ്രചൂഡ്, 2000 മാർച്ച് 29-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി.2013 ഒക്ടോബർ 31-ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2016 മെയ് 13-ന് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. ചീഫ് ജസ്റ്റിസായിരുന്ന യു യു ലളിത് വിരമിച്ചതിനെത്തുടർന്ന് 2022 നവംബർ 9-ന് സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ചന്ദ്രചൂഡ് സ്ഥാനമേറ്റു.വിവിധ കേസുകളിൽ അർണാബ് ഗോസ്വാമി മുതൽ ആൾട്ട് സഹസ്ഥാപകൻ സുബൈർ വരെയുള്ളവർക്ക് ജാമ്യം നൽകി. ഭരണഘടനാ മൂല്യങ്ങളെ അരക്കിട്ട് ഉറപ്പിക്കുന്ന എഡിഎം ജബൽപൂർ വിധി ന്യായത്തിലൂടെ പിതാവും മുൻ ചീഫ് ജസ്റ്റിസുമായ വൈ.വി ചന്ദ്രചൂഢിൻറെ വിധിയേയും തള്ളിക്കളഞ്ഞു.
അവസാന വർഷം മാത്രം 18 ഭരണഘടന ബെഞ്ചിൽ തീരുമാനമെടുത്തു. അയോധ്യ,ശബരിമല യുവതി പ്രവേശനമടക്കമുള്ള ബഞ്ചുകളിൽ നിർണായക വിധി ഡിവൈ ചന്ദ്രചൂഢിൻറെതാണ്. ആർജ്ജവമുള്ള വിധികളുടെ പേരിൽ കയ്യടി നേടിയപ്പോഴും വിട്ടുകൊടുക്കാതെ വിമർശർ എന്നും ഒപ്പമുണ്ടായിരുന്നു. അവസാന ദിവസവും കോടതിയിൽ കർമ്മനിരതനാണ് ചന്ദ്രചൂഢ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി മുറിയ്ക്കുള്ളിൽ യാത്രയയപ്പ് യോഗം നടക്കും.