ഒരു കിലോ കോഴിയിറച്ചിക്ക് വില 200 രൂപയുടെ അടുത്ത് വരെ വരുമായിരിക്കും. അങ്ങനെയാണെങ്കിൽ ഒരു കോഴിയെ ലേലത്തിന് വച്ചാലും ഇതേ തുക തന്നെയായിരിക്കില്ലേ ലഭിക്കുക? എന്നാൽ ലേലം വിളിക്കിടെ വാശി കയറുന്നതിനനുസരിച്ച് വിലയും കൂടുമെന്നാണ് ഇടുക്കിയിലെ ഒരു ലേലം തെളിയിച്ചിരിക്കുന്നത്.
ഇടുക്കിയിൽ ഒരു പൂവൻകോഴിയെ ലേലത്തിൽ വിറ്റത് 13,300 രൂപയ്ക്കാണ്. ഇടുക്കിയിലെ പരിവർത്തനമേട് ക്ലബ് പുനരുജ്ജീവിപ്പിക്കാനായിരുന്നു ഈ ലേലം. ആലുങ്കൽ ജോഷിയാണ് കോഴിയെ ലേലത്തിന് വച്ചത്.
എന്നാൽ പത്ത് രൂപയിൽ തുടങ്ങിയ ലേലം വളരെ വേഗമാണ് വാശിയേറിയ ലേലമായി മാറിയത്. ലേലത്തുക നൂറ് കടന്ന് ആയിരവും ഒടുവിൽ പതിനായിരവും വരെ കടന്നു. അവസാനം 13,300 രൂപയ്ക്ക് നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ ആണ് പൂവനെ ലേലത്തിൽ വാങ്ങിയത്.