തിരുവനന്തപുരം: ബിപർജോയ് ചുഴലിക്കാറ്റ് അകന്ന് പോയതോടെ സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാൻ വഴിയൊരുങ്ങുന്നു. വരുന്ന ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകി.ഞായറാഴ്ച മുതൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.
ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വരെ കേരള- കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദേശം നൽകിയത്. ഇന്ന് രാത്രി 11.30 വരെ കേരളത്തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.