റമദാനിൽ ആരാധകർക്ക് സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നോമ്പുതുറ സംഘടിപ്പിക്കാനൊരുങ്ങി ചെൽസി ഫുട്ബോൾ ക്ലബ്. മാർച്ച് 26നാണ് ക്ലബ്ബിന്റെ ഇഫ്താർ വിരുന്ന്. അതേസമയം ആദ്യമായാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ക്ലബ് ആരാധകർക്കായി നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കുന്നത്. മാർച്ച് 26 ഞായറാഴ്ച സ്റ്റാംഫോഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിന് സമീപത്തായി ചെൽസി ഫൗണ്ടേഷൻ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നു. പ്രീമിയർ ലീഗ് സ്റ്റേഡിയത്തിൽ ആദ്യമായി ഒരു ക്ലബ് ഒരുക്കുന്ന നോമ്പുതുറയാണിതെന്ന് ലണ്ടൻ ക്ലബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആരാധകർ, ക്ലബ് ഭാരവാഹികൾ, വിദ്യാർത്ഥികൾ, ചെൽസി മുസ്ലിം കൂട്ടായ്മയിലെ അംഗങ്ങൾ, പ്രാദേശിക പള്ളി ഭാരവാഹികൾ എന്നിവരെയെല്ലാം ഇഫ്താറിലേക്ക് ക്ഷണിക്കുന്നുവെന്നും പ്രസ്താവനയിലുണ്ട്. അതേസമയം ചാരിറ്റി സംഘടനയായ റമദാൻ ടെന്റ് പ്രൊജക്ടുമായി സഹകരിച്ചാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്റ്റാംഫോഡ് ബ്രിഡ്ജിൽ തുറന്ന ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഫുട്ബോളിൽ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന മികച്ച ക്ലബാണ് ചെൽസിയെന്നും അവർ പറഞ്ഞു.
റമദാനിൽ നോ ഹെയ്റ്റ് ക്യാംപയിനാണ് ക്ലബ് ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ മത സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നതാണ് ക്യാംപയിനിന്റെ മുഖ്യ ലക്ഷ്യം. കൂടാതെ മറ്റ് മതാഘോഷങ്ങളും ഈ വർഷം ആഘോഷിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇഫ്താർ വിരുന്നിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ചെൽസി ഫൗണ്ടേഷൻ മേധാവി സൈമൺ ടൈലറും അറിയിച്ചു. കൂടാതെ മതസഹിഷ്ണുത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വിരുന്നൊരുക്കുന്നതെന്നും റമദാനെയും മുസ്ലിം സമുദായത്തെയും അംഗീകരിച്ചാണ് പരിപാടി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.