യുഎഇയിൽ നിന്ന് വിസ മാറാനുള്ള സൗകര്യം നിർത്തലാക്കി. ഇതോടെ പ്രവാസികൾ പുതിയ വിസക്കായുള്ള നെട്ടോട്ടത്തിലാണ്. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത് തിരിച്ചുവരാനാണ് പ്രവാസികൾ ശ്രമിക്കുന്നത്. എന്നാൽ, തിരക്കേറിയതോടെ ഒമാൻ വഴിയുള്ള റോഡിലൂടെയുള്ള യാത്ര മുടങ്ങിയിരിക്കുകയാണ്.കൂടാതെ കൂടുതൽ തുക നൽകി വിമാനത്തിൽ യാത്ര ചെയ്യേണ്ടതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
രാജ്യത്തിനുള്ളിൽനിന്നുതന്നെ വിസ മാറുന്നതിനുള്ള സൗകര്യം കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ നിർത്തലാക്കിയത്. വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന യുഎഇയിൽ മുമ്പ് ഉണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്ത് ഇതിന് ഇളവ് നൽകിയിരുന്നു. ഈ ഇളവാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ, കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരും താമസവിസക്കാരുമെല്ലാം എക്സിറ്റ് അടിച്ചശേഷം തിരിച്ച് വരണം. അതേസമയം അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കൂടുതലായതും ഇന്ത്യയിൽ പോയിവരാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.