അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ച നടപടിയില്‍ നടന് വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മന്‍. പരാമര്‍ശം ശ്രദ്ധിച്ചു പോലുമില്ല. ഇത്തരം പരാമര്‍ശങ്ങളില്‍ എന്റെ അച്ഛന്റെ നിലപാട് തന്നെയാണ് എനിക്കുമുള്ളതെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു പ്രശ്നവുമില്ല. ഒരു കേസുമെടുക്കരുത്. അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. പക്ഷെ എന്റ് പിതാവ് എന്ത് പറയും അതേ എനിക്കും പറയാനുള്ളു,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പിതാവ് ഉണ്ടായിരുന്ന സമയത്തായാലും ഇങ്ങനെ കേട്ടാല്‍ അത് തന്നെയേ പറയൂ. ഒരു കുഴപ്പവുമില്ല. വേണമെങ്കില്‍ ഒന്നുകൂടെ പറയാനേ പറയുകയുള്ളു എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സംഭവത്തില്‍ വിനായകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് നല്കിയ പരാതിയിലാണ് വിനായകനെതിരെ പൊലീസ് കേസെടുത്തത്. ഡി.ജി.പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേസെടുക്കേണ്ടെന്ന് മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.
ഉമ്മന്‍ ചാണ്ടി മരിച്ചതിന്റെ അടുത്ത ദിവസമാണ് നടന് വിനായകന് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകന് ചോദിച്ചത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ – എന്നാണ് വിനായകന് ലൈവില്‍ ചോദിച്ചത്.
ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. ഉമ്മന്‍ ചാണ്ടിക്ക് അനുകൂല മുദ്രാവാക്യം മുഴക്കി എത്തിയ ഒരു കൂട്ടം ആളുകള്‍ വിനായകന്റെ കൊച്ചിയിലെ ഫ്ളാറ്റിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ എത്തിയ സംഘം ഫ്ളാറ്റിന്റെ ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസും ഫ്ളാറ്റിലെ സുരക്ഷ ജീവനക്കാരും ചേര്‍ന്നാണ് അക്രമികളെ പിടിച്ച് മാറ്റിയത്. സംഭവത്തില്‍ വിനായകന് പൊലീസില്‍ പരാതിപ്പെട്ടേക്കും.