തൃശൂരില്‍ ചാലക്കുടിയില്‍ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി കമ്പികളും പൊട്ടിവീണു. രാവിലെ 11 മണിയോടെയാണ് കൂടപ്പുഴ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയത്. ചാലക്കുടി നഗരസഭ മേഖലയില്‍ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ തൃക്കൂരില്‍ ഭൂചലനമുണ്ടായി. നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം ഭൂചലനത്തിനൊപ്പം കേട്ട വലിയ മുഴക്കം നാട്ടുകാര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കി. എന്നാല്‍ അത് ഭൂമിക്കടിയിലുണ്ടായ തീവ്രത കുറഞ്ഞ പ്രതിഭാസമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
സംസ്ഥാനത്തുടനീളം ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്. കാസര്‍ഗോഡ് തൃക്കണ്ണാട് കടല്‍ക്ഷോഭത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാവക്കാട്, എറണാകുളം കണ്ണമാലി, വൈപ്പിന്‍ തുടങ്ങിയ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭത്തില്‍ വെള്ളം കയറിയിട്ടുണ്ട്. വൈപ്പിന്‍ നായരമ്പലത്ത് കടല്‍ഭിത്തി വേണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.