സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ എതിര്‍പ്പുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. വിവാഹമെന്നാല്‍ വ്യത്യസ്ത ലിംഗത്തിലുള്പ്പെട്ടവര് തമ്മിലുള്ള സംവിധാനമാണെന്നും അല്ലാത്തപക്ഷം അത് സമൂഹത്തിന്റെ പൊതു താല്പര്യത്തെ ഹനിക്കുമെന്നും കേന്ദ്രം അപേക്ഷയില്‍ വ്യക്തമാക്കി.
നഗരങ്ങളിലുള്ള വരേണ്യ വര്‍ഗക്കാരുടെ താല്പര്യത്തിന് വഴങ്ങി സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കരുതെന്നും അവര്‍ സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടി മാത്രമാണ് ഇത്തരം കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കേന്ദ്ര ബാലാവകാശ കമ്മീഷനും ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.
നിലവില്‍ വിഷയത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും ഇത്തരം നിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം നിയമ നിര്‍മാണ സഭകള്‍ക്കാണെന്നും കേന്ദ്രം അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.