ലോക ക്രിക്കറ്റിലെ അതിസമ്പന്നനായി വിരാട് കോഹ്ലി. സ്റ്റോക്ക് ഗ്രോ റിപ്പോർട്ട് പ്രകാരമാണ് താരത്തെ അതിസമ്പന്നനായ ക്രിക്കറ്ററായി കണക്കാക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നുമുള്ള വരുമാനം, ഐ പി എൽ , പരസ്യങ്ങൾ, സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വരുമാനം, ബിസിനസ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
ടീം ഇന്ത്യയുമായി എ പ്ലസ് കോൺട്രാക്ട് ഉള്ള കൊഹ്ലിയ്ക്ക് ലഭിക്കുന്നത് 7 കോടി രൂപയാണ്.ഓരോ ടെസ്റ്റ് മത്സരത്തിൽ നിന്നും 15 ലക്ഷം, ഏകദിന മത്സരത്തിൽ നിന്നും 6 ലക്ഷം, ഓരോ 20 ഓവർ മത്സരങ്ങളിൽ നിന്നും 3 ലക്ഷം എന്നിങ്ങനെയാണ് കോഹ്ലിയുടെ വരുമാനം. ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന താരത്തിന് 15 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. 18 ബ്രാൻഡുകളുമായുള്ള പരസ്യങ്ങളിലൂടെ 7 കോടി മുതൽ 10 കോടി വരെ ഓരോ ഷൂട്ടിൽ നിന്നും കോഹ്ലിക്ക് ലഭിക്കുന്നുണ്ട്. ഇത് കൂടാതെ സ്വകാര്യ സ്വത്തുക്കളിൽ നിന്നും ബിസിനസ്സുകളിൽ നിന്നും മറ്റുമുള്ള വരുമാനം കൂടെ കണക്കിലെടുത്താണ് ബംഗളുരു ആസ്ഥാനമായ സ്റ്റോക്ക് ഗ്രോ കൊഹ്ലിയെ അതിസമ്പന്നനായ ക്രിക്കറ്റ്ററായി തെരഞ്ഞെടുത്തത്.
സോഷ്യൽ മീഡിയകളിൽ നിന്നുമുള്ള വരുമാനത്തിലും കോഹ്ലി തന്നെയാണ് മുന്നിൽ. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലെ പോസ്റ്റുകൾക്ക് 8.9 കോടിയും ട്വിറ്ററിലെ പോസ്റ്റുകൾക്ക് രണ്ടരക്കോടിയും പ്രതിഫലം ലഭിക്കുന്നുണ്ട്. 253 മില്യൺ ഫോളോവെർസാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കോഹ്ലിക്കുള്ളത്. നിലവിലെ ക്യാപ്റ്റനായ രോഹിത് ശർമ്മയേക്കാൾ 224 മില്യൺ ഫോളോവെർസ് അധികം!