ഷാർജ എമിറേറ്റിൽ ഇന്നുമുതൽ ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയാണ് കണക്കെടുപ്പ്. പ്രാഥമിക വിവര ശേഖരണത്തിനായി പരിശീലനം ലഭിച്ച 300 ഉദ്യോഗസ്ഥരാണ് രംഗത്തുളളത്. ഷാർജയിൽ 180 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നുണ്ട്. നവംബർ 20ന് ആദ്യഘട്ട കണക്കെടുപ്പ് അവസാനിക്കും.
കണക്കെടുപ്പിനാവശ്യമായ വിവരങ്ങൾ ഇവയാണ്;
കുടുംബം
കുടുംബനാഥൻ്റെ പൗരത്വം, അംഗങ്ങളുടെ എണ്ണം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെടേണ്ട നമ്പർ, സംസാര ഭാഷ
കെട്ടിടം
കെട്ടിടത്തിൻ്റെ പേര്, തരം, നില, പ്രവേശന കവാടങ്ങൾ, താമസക്കാർ എന്നിവ. കൂടാതെ, പാർപ്പിടമാണോ വ്യാപാര സ്ഥാപനമാണോയെന്നത്. വീടാണെങ്കിൽ നമ്പർ, മുറികളുടെ എണ്ണം, പാർപ്പിടത്തിൻ്റെ സ്വഭാവം.
സെൻസസിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനാൽ ഇവ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ തിരിച്ചറിയൽ രേഖകളുമായി സമീപിക്കുന്ന ഉദ്യോഗസ്ഥർക്ക് മാത്രമേ വിവരം നൽകാൻ പാടുള്ളൂ. ഇക്കാര്യത്തിൽ പൊതുജനം സഹകരിക്കണമെന്നും കൃത്യമായ വിവരം നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നേരിട്ടുള്ള പരിശോധനയ്ക്കു കഴിഞ്ഞാൽ സെൻസസ് ഫോമുകൾ വിതരണം ചെയ്യും. ഇതിൽ എല്ലാവരും വിവരങ്ങൾ രേഖപ്പെടുത്തി നൽകണം.
സ്വയം പൂരിപ്പിച്ചു നൽകേണ്ട ഫോം അവരുടെ പ്രാദേശിക ഭാഷയിൽ നൽകും. നയ രൂപീകരണ സമിതികളും വികസന പദ്ധതി രൂപീകരണത്തിനും സെൻസസിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിക്കും. ഇവ മാർച്ചിൽ സർക്കാരിന് കൈമാറും.