കണ്ണൂർ: കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ചരക്കുവിമാനസർവ്വീസ് ആരംഭിക്കുന്നു. ദ്രാവിഡൻ എവിയേഷൻ സർവ്വീസസ് എന്ന സ്വകാര്യ കമ്പനിയാണ് കണ്ണൂരിൽ നിന്നും ചരക്ക് കയറ്റുമതിക്കായി പ്രത്യേക വിമാനം ഉപയോഗിച്ച് സർവ്വീസ് നടത്തുക. ഓഗസ്റ്റ് പതിനേഴിന് കണ്ണൂരിൽ നിന്നും ഷാർജയിലേക്കാണ് ആദ്യ എയർ കാർഗോ ഫ്രൈറ്റർ സർവ്വീസ്.
18 ടണ്‍ ചരക്ക് കൊണ്ടു പോകാൻ സാധിക്കുന്ന ബോയിംഗ് വിമാനമാണ് ദ്രാവിഡൻ എവിയേഷൻ കണ്ണൂർ സർവ്വീസിനായി ഉപയോഗിക്കുന്നത്. ഓണം സീസണിലേക്കായിട്ടുള്ള ചരക്കുകളായിരിക്കും വരുന്ന ദിവസങ്ങളിൽ ഇനി കൊണ്ടു പോകുക. പ്രവാസികളുടെ ഓണാഘോഷം കൊഴുപ്പിക്കാനായി പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, വാഴയിലകൾ എന്നിവയുമായി ഓഗസ്റ്റ് 23 മുതൽ 27 തുടർച്ചയായി അഞ്ച് ദിവസം കണ്ണൂരിൽ നിന്നും ചരക്കുവിമാനങ്ങൾ പറക്കും.
പഴങ്ങളും പച്ചക്കറികളും പൂക്കളുമൊക്കെയാവും വരുന്ന ആഴ്ചകളിൽ കൂടുതലായി കയറ്റി അയക്കുക. ഓണം സീസണിന് ശേഷം കൈത്തറി, ഖാദി,കരകൌശല ഉത്പന്നങ്ങൾ കൂടി കയറ്റുമതി ചെയ്യാൻ വഴിയൊരുങ്ങും. നിലവിൽ യാത്രാവിമാനങ്ങളിലെ പരിമിതമായ സ്ഥലത്താണ് കണ്ണൂരിൽ നിന്നും ചരക്കുകൾ കയറ്റി അയക്കുന്നത്. ടണ്‍ കണക്കിന് ചരക്കുകൾ കൃത്യസമയത്ത് കയറ്റി വിടാൻ പറ്റാതെ കണ്ണൂരിൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. ചരക്കുവിമാന സർവ്വീസ് സ്ഥിരമാക്കുന്നതോടെ ഈ അവസ്ഥ മാറും എന്ന പ്രതീക്ഷയിലാണ് എയർപോർട്ട് അധികൃതർ.