കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർക്കിംഗിന് അനുമതി നൽകി ഷാർജ. ക്യാമ്പിങ്ങിനായി എത്തുന്ന വിനോദ വാഹനങ്ങളുടെയും (ആർവി) ട്രെയിലറുകളുടെയും ഉടമകൾക്ക് ഷാർജ അൽ മംസാർ ഏരിയയിൽ പാർക്കിംഗ് പെർമിറ്റ് വിതരണം ആരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
പെർമിറ്റിനായി അപേക്ഷിക്കാൻ വാഹന ഉടമയുടെ എമിറേറ്റ്സ് ഐഡിയും വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിൻ്റെ ഫോട്ടോകോപ്പിയും നൽകിയാൽ മതിയാകും. പെർമിറ്റ് സ്വന്തമാക്കാൻ വാഹന ഉടമകൾ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 5-ലെ കൺട്രോൾ & ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിലെ കസ്റ്റമർ സർവീസ് കൗണ്ടറിലെത്തുകയോ ആവശ്യമായ രേഖകൾ സഹിതം ഇ-മെയിൽ വഴി [email protected] എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുകയോ ചെയ്താൽ മതി. 993 എന്ന ടെലഫോൺ നമ്പർ വഴിയും സേവനം നൽകുമെന്നും അധിക്യതർ വ്യക്തമാക്കി.
വ്യക്തികൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഈ പെർമിറ്റുകൾ ഉപയോഗിക്കാം. വിനോദ സഞ്ചാരികൾ എത്തുന്ന കാരവനും ട്രെയിലറുകൾക്കും പാർക്കിംഗ് കണ്ടെത്തുക എന്നത് ഇതുവരെ വെല്ലുവിളിയായിരുന്നു. പെർമിറ്റുകൾ നൽകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. വിനോദസഞ്ചാര മേഖലയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാർജ മുനിസിപ്പാലിറ്റിയുടെ ഈ നടപടി.