അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ – പൊതുമേഖലകൾക്ക് അവധി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയിൽ ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഹിജ്റി കലണ്ടർ പ്രകാരം ദുൽഹിജ്ജ 9 ന് ഇസ്ലാമിലെ ഏറ്റവും പുണ്യ ദിനമായ അറഫ ദിനം പ്രമാണിച്ച് ഒരു ദിവസം ശമ്പളത്തോടു കൂടിയ അവധി നൽകും. ജൂൺ 15 ശനിയാഴ്ചയാണ് ഈ ദിവസം.
ദുൽഹിജ്ജ 10 മുതൽ 12 വരെ അല്ലെങ്കിൽ ജൂൺ 16 മുതൽ 18 വരെ ആചരിക്കുന്ന ബലി പെരുന്നാളായ ഈദ് അൽ അദ്ഹയ്ക്ക് മൂന്ന് ദിവസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നു. പൊതുമേഖലയിലെ ജീവനക്കാർക്കും ഇതേ തീയതികളിലായിരിക്കും അവധി.
1445 ദുൽ ഹിജ്ജ മാസത്തിൻ്റെ വരവറിയിച്ചുള്ള മാസപ്പിറവി ജൂൺ 7 വെള്ളിയാഴ്ചയാണ് അബുദാബിയിൽ കണ്ടതായി സ്ഥിരീകരിച്ചത്. വ്യാഴാഴ്ച, സൗദി അറേബ്യയിലെ അധികാരികൾ മാസപ്പിറവി കണ്ടതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ അവിടെ ഇസ്ലാമിക മാസമായ ദുൽ ഹിജ്ജ ജൂൺ 7 ന് ആരംഭിച്ചു. സൌദ്ദിയിൽ ഈദ് അൽ അദ്ഹയും ജൂൺ 16 ന് ആരംഭിക്കും. ഒമാൻ, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ജൂൺ 17-നാണ് ബലിപെരുന്നാൾ ആഘോഷം.