വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചെലവ് ഇരട്ടിയാക്കാന്‍ കാനഡ. 2023 ജനുവരി ഒന്നു മുതലാണ് ജീവിത ചെലവ് ഇരട്ടിയാക്കാന്‍ കാനഡ തീരുമാനിക്കുന്നത്. ജീവിത ചെലവിലെ വ്യതിയാനമനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും രാജ്യം അറിയിച്ചു.
ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ഉപരിപഠനത്തിനായി ഇന്ത്യയില്‍ നിന്നടക്കം വരുന്നവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. കാനഡയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ജീവിത ചെലവിനായി 20,635 കനേഡിയന്‍ ഡോളര്‍ അക്കൗണ്ടില്‍ കാണിക്കേണ്ടി വരും. അതായത് ഇന്ത്യന്‍ രൂപ 12,66,476.80 മാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടത്. ട്യൂഷന് ഫീസിനും യാത്രാ ചെലവിനും പുറമെയാണ് ഈ തുക. പഠന പെര്‍മിറ്റിനുള്ളതുള്‍പ്പെടെയുള്ള ഫീസ് നേരത്തെ കൂട്ടിയിരുന്നു.
ഇരുപത് വര്‍ഷത്തോളമായി 10,000 ഡോളര്‍ ആണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട പരിധി. ഏകദേശം 6.13 ലക്ഷം ഇന്ത്യന്‍ രൂപയാണിത്. കാനഡയില്‍ ഉപരിപഠനത്തിനായി എത്തുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ജീവിത ചെലവിനായി കരുതേണ്ട പണത്തിന്റെ പരിധി വര്‍ധിപ്പിച്ചത് ഉപരിപഠനത്തിനായി എത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും.