കാനഡയിലെ പാർലമെന്റിൽ ആദ്യമായി ഓണം ആഘോഷിക്കാനൊരുങ്ങുന്നു. ഒക്ടോബർ അഞ്ചാം തിയതി വൈകുന്നേരം ഒട്ടാവയിലെ പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള സർ ജോൺ എ മക് ഡോണൾഡ് ബിൽഡിങ്ങിൽ ആയിരിക്കും ആഘോഷം നടക്കുക. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കൺസർവേറ്റിവ് പാർട്ടിയുടെ പുതിയ ലീഡറും പ്രതിപക്ഷ നേതാവുമായ പിയറെ പൊലിയേവ് എന്നിവർ പങ്കെടുക്കുമെന്നാണ് സൂചനകൾ.
എം പിമാരായ യാസിർ നഖ്വി, ജെന സഡ്സ്, സെനറ്റർ എസ് ബി ജാഫർ, കാനഡയിലെ മലയാളി സമൂഹത്തിന്റെ മുൻ നിരക്കാരായ ടോം വർഗീസ്, ബിജു ജോർജ്, റാം മതിലകത്ത്, സതീഷ് ഗോപാലൻ, രേഖ സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇന്തോ-കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചർ, ഓണം ഫൗണ്ടേഷൻ ഓഫ് ഒട്ടാവ, മലയാളി അസോസിയേഷൻ ഓഫ് കെബെക്ക് എന്നിവരുടെ സഹകരണവും പരിപാടിയ്ക്കുണ്ട്. ഇനി മുതൽ എല്ലാ വർഷവും കാനഡയിലെ പാർലമെന്റിൽ ഓണം ആഘോഷിക്കാനാണ് സംഘാടകരുടെ തീരുമാനം.
ചെണ്ടമേളത്തിന്റെയും നർത്തകരുടെയും സാന്നിധ്യത്തിൽ വൻ വരവേൽപ്പായിരിക്കും അതിഥികൾക്ക് നൽകുക. മോഹിനിയാട്ടവും തിരുവാതിരയും ഓണപ്പാട്ടുമെല്ലാം കാനഡയിലെ ആദ്യത്തെ ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടും. രാഷ്ട്രീയഭേദമന്യേ എല്ലാം പാർലമെന്റ് അംഗങ്ങളും ഒരുമിച്ച് ആഘോഷത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. അതേസമയം കാനഡയിലെ നൂറു കണക്കിന് മലയാളി വിദ്യാർത്ഥികളും നയതന്ത്ര വിദഗ്ദരും കമ്മ്യൂണിറ്റി നേതാക്കളുമെല്ലാം ആഘോഷത്തിന്റെ ഭാഗമാവും.
ആഘോഷ പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിനും റോയൽ ഒട്ടാവ ഹോസ്പിറ്റലിനും കൈമാറുമെന്ന് നടത്തിപ്പുകാർ അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ [email protected] എന്ന ഇ മെയിൽ അഡ്രസ് വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.