കാനഡയിൽ വാർത്താ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി മെറ്റ. കാനഡയിൽ പുതിയ ഓൺലൈൻ ന്യൂസ് ബിൽ പാസ്സാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഫേസ്ബുക് ഉൾപ്പടെയുള്ള പ്ലാറ്റുഫോമുകളിൽ വരുന്ന വാർത്ത ഉള്ളടക്കങ്ങളുടെ പ്രതിഫലം അത് പ്രസിദ്ധീകരിക്കുന്ന വാർത്താ വെബ്സൈറ്റുകൾക്ക് നൽകണമെന്ന വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പാസ്സാക്കിയത്.
2021 ൽ ഓസ്ട്രേലിയൻ ഉപഭോക്താക്കളെയും ഫേസ്ബുക്കിൽ വാർത്തകൾ കാണുന്നതിൽ നിന്നും പങ്കുവെക്കുന്നതിൽ നിന്നും മെറ്റ വിലക്കിയിരുന്നു. എന്നാൽ പിന്നീട് ഭരണകൂടവുമായി നടന്ന ചർച്ചകൾക്കൊടുവിൽ ചില ഭേദഗതികൾ നടത്തുകയും വാർത്തകൾ പുൻസ്ഥാപിക്കുകയും ചെയ്തു.
വ്യാഴാഴ്ചയാണ് കാനഡയിൽ ന്യൂസ് ആക്ട് നിലവിൽ വരുന്നത്. ഗൂഗിൾ, ഫേസ്ബുക് പോലെയുള്ള പ്ലാറ്റ്ഫോമുകൾ വാർത്താമാധ്യമങ്ങളുമായി ചർച്ച ചെയ്ത് ഓൺലൈനിൽ വരുന്ന വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം നിശ്ചയിക്കണമെന്ന വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം. മെറ്റായും ഗൂഗിളും ഇതിനോടകം തന്നെ കാനഡയിൽ പരീക്ഷണാടിസ്ഥാനത്തിൽ വാർത്തകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ആളുകൾ കൂടുതൽ ഓൺലൈനായി മാറുമ്പോൾ മാധ്യമ സ്ഥാപനങ്ങൾ ഓൺലൈനിൽ നിന്ന് കൂടുതൽ വരുമാന സ്രോതസ്സുകൾ തേടുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ഇടപെടൽ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. പുതിയ ഓൺലൈൻ ആക്ട് ആറുമാസത്തിനകം നിലവിൽ വരും