ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് കാനഡ. വിവിധ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ഇന്ത്യയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റി.
ഡല്‍ഹിയ്ക്ക് പുറത്തുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ കോലാലംപൂരിലേക്കും സിംഗപൂരിലേക്കുമാണ് മാറ്റിയതെന്നാണ് വിവരം. ഡല്‍ഹിയില്‍ ഹൈക്കമ്മീഷന് ഓഫീസും ബെംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റുകളാണ് ഇന്ത്യയ്ക്ക് ഉള്ളത്. കോണ്‍സുലേറ്റുകളിലെ ജീവനക്കാരെയാണ് കുറച്ചത്.
കനേഡിയന്‍ മാധ്യമമായ സിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ പത്തിനകെ കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാനാണ് ഇന്ത്യ ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെടുന്നുവെന്നും ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ തുല്യതവേണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ടാണ് കാനഡയുടെ നടപടി.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് കാനഡയില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുകള്‍ വീണത്. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണം അന്തരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. കാനഡയുടെ ആരോപണം ഇന്ത്യ തള്ളുകയും ചെയ്തു.