കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് ശ്വാസതടസ്സത്തെ തുടർന്ന് നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 79-കാരനായ ബുദ്ധദേവ് ഭട്ടാചാര്യ നിലവിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെൻ്റിലേറ്റർ സപ്പോർട്ടിലാണ് എന്നാണ് റിപ്പോർട്ടുകൾ. ബുദ്ധദേവിനെ പാം അവന്യൂവിലെ വസതിയിൽ നിന്നും ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു.
“അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണ്. ഉച്ചയോടെ ഓക്സിജൻ സാച്ചുറേഷൻ 70 ശതമാനമായി കുറയും ആരോഗ്യനില വഷളായി അദ്ദേഹം അബോധാവസ്ഥയിലാവുകയും ചെയ്തു തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്,” ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കാൻ ഹൃദ്രോഗ വിദഗ്ധനും പൾമണോളജിസ്റ്റും ഉൾപ്പെടെ മുതിർന്ന ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബുദ്ധദേവിൻ്റെ ഭാര്യ മീര ഭട്ടാചാര്യയും മകൾ സുചേന ഭട്ടാചാര്യയും ആശുപത്രിയിൽ തുടരുകയാണ്..
ഗുരുതര ശ്വാസകോശരോഗവും വാർധക്യസഹജമായ മറ്റു അസുഖങ്ങളും കാരണം കുറച്ചു കാലമായി ബുദ്ധദേവ് ഭട്ടാചാര്യ പൊതുരംഗത്ത് സജീവമല്ല. 2015-ൽ സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഒഴിഞ്ഞ അദ്ദേഹം 2018-ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ഉപേക്ഷിച്ചു. 1977 മുതൽ 2000 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിൻ്റെ പിൻഗാമിയായിട്ടാണ് ബുദ്ധദേവ് ഭട്ടചാര്യ ബംഗാൾ മുഖ്യമന്ത്രിയായത്. 2011ൽ മമതാ ബാനർജിയും തൃണമൂൽ കോണ്ഗ്രസും നടത്തിയ തേരോട്ടത്തോടെ ബുദ്ധദേവും ഇടതുപക്ഷവും അധികാരത്തിന് പുറത്തായി. തുടർന്നുള്ള മൂന്ന് തെരഞ്ഞെടുപ്പിലും തൃണമൂലിനാണ് ബംഗാളിൽ അധികാരം കിട്ടിയത്.