തിരുവനന്തപുരത്തെ യുവ ഡോക്ടറുടെ ആത്മഹത്യയില്‍ കസ്റ്റഡിയില്‍ ആയ ആണ് സുഹൃത്ത് ഡോ റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹനയുടെ സഹോദരന് ജാസിം നാസ് രംഗത്ത്. സ്ത്രീധനത്തിനായി കൂടുതലായി സമ്മര്‍ദ്ദം ചെലുത്തിയത് റുവൈസ് ആണെന്നാണ് ഷഹനയുടെ സഹോദരന് ആരോപിക്കുന്നത്.
കഴിയുന്നത്ര നല്‍കാമെന്ന് സമ്മതിച്ചതാണ്. എന്നിട്ടും റുവൈസ് കേട്ടില്ല. സ്ത്രീധനം കൂടുതല്‍ ചോദിച്ചത് പിതാവാണ്. പിതാവിനെ ധിക്കരിക്കാന്‍ കഴിയില്ലെന്നുമാണ് റുവൈസ് പറഞ്ഞിരുന്നതെന്ന് സഹോദരന് പറഞ്ഞു. ഷഹനയ്ക്ക് റുവൈസിനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. റുവൈസ് തയ്യാറായിരുന്നെങ്കില്‍ രജിസ്റ്റര്‍ വിവാഹം നടത്തിക്കൊടുക്കാനും തയ്യാറായിരുന്നു. എന്നാല്‍ അതിനും റുവൈസ് തയ്യാറായില്ലെന്നും സഹോദരന് പറഞ്ഞു.
അതേസമയം റുവൈസിനെ പൊലീസ് കസ്റ്റിഡിയില്‍ എടുത്തിട്ടുണ്ട്. റുവൈസിന്റെ ഫോണിലെ വാട്സ്ആപ്പ് മെസേജുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതായി പൊലീസ് പറയുന്നു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഇത് വീണ്ടെടുക്കാള്ള ശ്രമവും നടക്കുന്നുണ്ട്.
റുവൈസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഡോ. ഷഹനയുമായി റുവൈസിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇരുവരും അടുപ്പത്തിലുമായിരുന്നെന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹത്തിന് ഭീമമായ സ്ത്രീധനമാണ് റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ചതെന്ന് ഷഹനയുടെ കുടുംബം ആരോപിക്കുന്നു. ഇത്രയും സ്ത്രീധന തുക നല്കാന് സാധിക്കാതായതോടെ റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ഷഹന മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുടുംബം പറഞ്ഞിരുന്നു.
150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമാണ് റുവൈസിന്റെ കുടുംബം സ്ത്രീധനമായി ചോദിച്ചത്. ഷഹനയുടെ ആത്മഹത്യ കുറിപ്പിലും സ്ത്രീധനവുമായി ബന്ധപ്പെട്ട സൂചനകളുണ്ട്.