എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ വിതുമ്പി യുഎഇയിലെ ബ്രിട്ടീഷ് പ്രവാസികൾ. തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയുടെ മരണ വാർത്ത ഞെട്ടലോടെയായിരുന്നു പ്രവാസികൾ അറിഞ്ഞത്. രാജ്ഞിയുടെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ഏറെ ദുഖത്തോടെയായിരുന്നു പ്രവാസികൾ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രഖ്യാപനത്തിനായി ചെവിയോർത്തത്.
നിറകണ്ണുകളോടെയാണ് അവർ എലിസബത്ത് രാജ്ഞിക്ക് വിട നൽകിയത്. “രാജ്ഞി ഒരു പാറ പോലെയായിരുന്നു, ശക്തിയുടെയും അന്തസ്സിന്റെയും തൂണായിരുന്നു, അവർ ശക്തയായ സ്ത്രീയായിരുന്നു” വിതുമ്പലോടെ ബ്രിട്ടീഷ് പ്രവാസി പറഞ്ഞു. രാജ്ഞിയെ വർഷങ്ങൾക്ക് മുമ്പ് നേരിൽ കണ്ടതിന്റെ സന്തോഷവും അവർ പങ്കുവെച്ചു.
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ വർധിച്ചതോടെ മുതിർന്ന രാജകുടുംബം ബൽമോറൽ കാസിലിലെ അവരുടെ സ്കോട്ടിഷ് എസ്റ്റേറ്റിൽ എത്തിയിരുന്നു. മക്കളും പേരക്കുട്ടികളും അവസാന നിമിഷം അവർക്കൊപ്പം തന്നെയുണ്ടായിരുന്നു.
‘ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൌൺ ‘ മാർഗരേഖ അനുസരിച്ച് യുകെയിൽ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടി. ബക്കിംഗ്ഹാം കൊട്ടാരത്തിൻ്റെ ഗേറ്റിൽ ഔദ്യോഗിക അറിയിപ്പ് പതിച്ച് വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകി. പുതിയ നടപടിക്രമം നിലവിൽ വന്നതോടെ രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ ‘ഓപറേഷൻ യൂണികോൺ’ പ്രകാരമാകും നടക്കുക.