ഖത്തറിലെ മലയാളി താരമാണ് വീൽചെയറുമായി ഗാലറികളിലെത്തുന്ന മലപ്പുറം പെരിന്തൽമണ്ണക്കാരൻ കുഞ്ഞാൻ. ജർമനി-സ്പെയിൻ മത്സരം നടന്ന അൽ ബെയ്തിലെ സ്റ്റേഡിയത്തിൽ അതിഥിയായെത്തിയും സ്റ്റേഡിയങ്ങളിൽനിന്ന് സ്റ്റേഡിയങ്ങളിലേക്ക് വീൽചെയറിൽ സഞ്ചരിച്ചുമെല്ലാം കുഞ്ഞാൻ ഖത്തറിന്റെ ഹീറോയായി മാറി. ഇപ്പോഴിതാ വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുഞ്ഞാൻ എന്ന ഉമർ ഫാറൂഖ്. തിങ്കളാഴ്ച രാത്രിയിൽ സ്റ്റേഡിയം 974ൽ നടന്ന ബ്രസീൽ- ദക്ഷിണ കൊറിയ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു കുഞ്ഞാന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ആ സംഭവം ഉണ്ടായത്.
പ്രിയപ്പെട്ട താരം നെയ്മറിനെ അടുത്തുകാണാനുള്ള മോഹവുമായി ടീം താമസിക്കുന്ന ഹോട്ടലായ വെസ്റ്റിന്നിൽ കുഞ്ഞാൻ ഉച്ചക്ക് തന്നെ എത്തി. എന്നാൽ നെയ്മറെ നേരിൽ കാണാനായില്ല. നടക്കാത്ത സ്വപ്നവുമായി കുഞ്ഞാൻ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു. സ്റ്റേഡിയത്തിലെ ഭിന്നശേഷിക്കാർക്കുള്ള ഇരിപ്പിട സ്ഥലത്ത് വളന്റിയർമാരോട് ആവശ്യം അറിയിച്ചെങ്കിലും അനുവാദം ലഭിച്ചില്ല.
ഇതിനിടയിലാണ് ബ്രസീൽ ടീമിനൊപ്പമുള്ള ഫിഫ ഒഫീഷ്യലിനോട് ആഗ്രഹം ബോധിപ്പിക്കുന്നത്. അങ്ങനെ അവർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ ഗ്രൗണ്ടിൽനിന്ന് ഡ്രസിങ് റൂമിലേക്ക്. മിനിറ്റുകൾക്കകം പ്രീമാച്ച് പ്രാക്ടിസ് കഴിഞ്ഞ് കുഞ്ഞാന്റെ മുന്നിലൂടെ നെയ്മറും ആൽവസും കൂട്ടുകാരും കടന്നുപോകുന്നു. ആൽവസ്, റിച്ചാർലിസൺ, മാർക്വിനോസ് എന്നിവരെത്തി കുഞ്ഞാന് കൈ നൽകുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
പിന്നീട് നെയ്മറെത്തി. ചിത്രം പകർത്തരുത്, ഉറക്കെ സംസാരിക്കരുത്, കളിക്കാരെ വിളിക്കരുത് എന്നീ നിർദേശങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും നെയ്മറിനെ കണ്ടപ്പോൾ കുഞ്ഞാൻ നിയന്ത്രണങ്ങളെല്ലാം മറന്നു. ‘നെയ്മർ…’ എന്ന് നീട്ടിവിളിച്ചു. വിളികേട്ട നെയ്മർ തിരികെ നടന്ന് കുഞ്ഞാന്റെ അരികിലെത്തി കെട്ടിപ്പിടിച്ച് വിശേഷങ്ങൾ ചോദിച്ച് സ്വപ്നങ്ങളെ യഥാർഥ്യമാക്കി. തൊട്ടരികിലെ വീൽചെയറിലുണ്ടായിരുന്നവരെയും ഹസ്തദാനം ചെയ്താണ് നെയ്മർ മടങ്ങിയത്. അതേസമയം കുഞ്ഞാന്റെ തൊട്ടരികിൽനിന്ന സഹായി ഷബീബ് പകർത്തിയ വിഡിയോ മണിക്കൂറുകൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലുമായി. ‘വാക് വിത്ത് കുഞ്ഞാൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള ഇദ്ദേഹം നവംബർ 13 മുതൽ ഖത്തറിലുണ്ട്.