ഓസ്കർ നേടിയ ‘ദി എലിഫെന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെൻ്ററിയിലൂടെ പ്രശസ്തരായ ദമ്പതികൾ ബൊമ്മനും ബെല്ലിക്കും ഓമനിച്ചു വളർത്താൻ അമ്മയെ നഷ്ടപ്പെട്ട ഒരാനക്കുട്ടി കൂടിയെത്തി. ഓസ്കർ പുരസ്കാരത്തിളക്കത്തിനിടയിലാണ് ബൊമ്മനും ബെല്ലിയും 5 മാസം പ്രായമുള്ള മറ്റൊരു കുട്ടിയാനയുടെ വളർത്തമ്മയും വളർത്തച്ഛനുമാകുന്നത്. ധർമപുരി ജില്ലയിലെ ഹൊഗേനക്കൽ വനത്തിൽ അമ്മയെ നഷ്ടപ്പെട്ട് അലഞ്ഞു നടന്ന ആനക്കുട്ടിയെ വ്യാഴാഴ്ച രാത്രി വനപാലക സംഘം തെപ്പക്കാട് ആനപ്പന്തിയിലെത്തിച്ചിരുന്നു.
ആനക്കുട്ടിയെ അമ്മയ്ക്ക് സമീപമെത്തിക്കാൻ വനപാലകർക്കൊപ്പം ബൊമ്മനും ശ്രമിച്ചെങ്കിലും വനത്തിലേക്കു പോയ ആനക്കുട്ടി വീണ്ടും തിരിച്ചെത്തി സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആനപ്പന്തിയിൽ പുതുതായി നിർമിച്ച, മെത്തവിരിച്ച കൂട്ടിലേക്ക് പൂജകൾക്ക് ശേഷമാണ് ആനക്കുട്ടിയെ പ്രവേശിപ്പിച്ചത്. ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങളാണ് നൽകുന്നത്.
ഇനി ബൊമ്മനും ബെല്ലിക്കും പുത്രനാണ് ഈ ആനക്കുട്ടി. ആനപ്പന്തിയിൽ അമ്മയെ നഷ്ടപ്പെട്ട് അനാഥരായ രണ്ട് കുട്ടിയാനകളെ വളർത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച കഥയാണ് ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെൻ്ററി ഹ്രസ്വ ചിത്രം. രഘുവെന്നും ബൊമ്മിയെന്നും പേരിട്ടു വളർത്തി വലുതാക്കിയ മക്കളെ കാണാനാവാത്തതിൽ ബെല്ലിക്ക് സങ്കടമുണ്ട്. നാട്ടിലെ നിയമങ്ങൾക്കനുസരിച്ച് ആനച്ചട്ടങ്ങൾ പഠിക്കുന്നതിനായി ഇവരെ വളർത്തമ്മയിൽ നിന്നും അകറ്റുകയായിരുന്നു. മറ്റു രണ്ടു പാപ്പാമാരെ ഇവർക്കായി നിയോഗിക്കുകയും ചെയ്തു.
രഘുവിൻ്റെയും ബൊമ്മിയുടെയും അടുത്തേക്ക് പോകാൻ കൂടി ജീവനക്കാർ അനുവദിക്കുന്നില്ലെന്നാണ് ബെല്ലിയുടെ സങ്കടം. വളർന്നു വലുതായ ആനകളുടെ സ്നേഹപ്രകടനം അമിതമാകുമ്പോൾ, പ്രായമായ ബെല്ലിയുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്നത് കണക്കിലെടുത്താണ് രഘുവിൻ്റെയും ബൊമ്മിയുടെയും അടുത്തേക്ക് വിടാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഈ സങ്കടത്തിനിടയിലാണ് പുതിയൊരു കുട്ടിയാനയെ കിട്ടിയത്.