രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ലെന്ന് കജോള്‍. ഇന്ത്യയില്‍ പെട്ടെന്ന് മാറ്റം വരാത്തതിന് കാരണം ഇതാണെന്നും നടി ‘ദ ക്വിന്റി’ന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമ്മെ ഭരിക്കുന്നതെന്നും നടി പറഞ്ഞു.
‘ഇന്ത്യയെ പോലെ ഒരു രാജ്യത്തില്‍ മാറ്റം വളരെ പതുക്കെ മാത്രമാണ് നടക്കുന്നത്. ഇവിടെ നമ്മള് പാരമ്പര്യങ്ങളിലും അതുപോലുള്ള ചിന്തകളിലും ആഴത്തില്‍ മുഴുകി ഇരിക്കുകയാണ് ഇപ്പോഴും. മാറ്റം സംഭവിക്കാന്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ സത്യം ഇതാണ്. ഒരു കാഴ്ചപ്പാടുമില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്,’ കജോള്‍ പറഞ്ഞു.
വിദ്യാഭ്യാസമാണ് നമുക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് നല്‍കുന്നതെന്നും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇല്ലാത്തത് അതാണെന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു.
അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുക്കുക എന്നൊന്നില്ലെന്നും തനിക്ക് സിനിമ തന്നെയാണ് ഇടവളയെന്നും കജോള്‍ പറഞ്ഞു. ജോലിയില്‍ തിരിച്ചെത്തുമ്പോള്‍ അതാണ് തന്റെ യഥാര്‍ത്ഥ ഇടവേളയെന്നും താന്‍ അത് ആസ്വദിക്കുന്നുണ്ടെന്നും കജോള്‍ പറഞ്ഞു.
കജോള്‍ പ്രധാന വേഷത്തിലെത്തുന്ന ‘ദ ട്രയല്‍’ എന്ന സീരീസ് സ്ട്രീമിംഗിനൊരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് ജൂലൈ 14 മുതലാണ് ട്രയല്‍ സ്ട്രീം ചെയ്ത് തുടങ്ങുന്നത്. സുപര്ണ് വര്‍മയാണ് ട്രയലിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ജൂലിയാന മര്‍ഗുലീസ് പ്രധാന വേഷത്തില്‍ അഭിനയിച്ച് റോബേര്‍ട്ട് കിംഗും മിഷേല്‍ കിംഗും നിര്‍മിച്ച കോര്‍ട്ട് ഡ്രാമയായ ‘ദ ഗുഡ് വൈഫ്’ന്റെ ഇന്ത്യന്‍ പതിപ്പാണ് ദ ട്രയല്‍. ലസ്റ്റ് സ്റ്റോറീസ് 2 ആണ് കജോള്‍ അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.