കോട്ടയം: സിനിമ – സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 47 വയസ്സായിരുന്നു. കോട്ടയം പാമ്പാടിയിലെ ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദ് തോമസിൻ്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടരയോടെയാണ് വിനോദിൻ്റെ മൃതദേഹം കണ്ടെത്തിയത് എന്നാണ് വിവരം.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിനോദ് ബാറിലെത്തിയിരുന്നു എന്നാണ് വിവരം. രണ്ട് മണിയോടെ ബാറിൽ നിന്നും പുറത്തിറങ്ങിയ വിനോദ് പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ കയറിയിരുന്ന് പലരേയും ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. ഇടയ്ക്ക് കാറിൽ നിന്നും പുറത്തിറങ്ങി വിനോദ് സംസാരിക്കുന്നതും ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാർ കണ്ടിരുന്നു. എന്നാൽ വൈകുന്നേരത്തോടെ സ്ഥലത്തുണ്ടായിരുന്ന മറ്റു വണ്ടികളെല്ലാം പോയെങ്കിലും ഈ കാർ മാത്രം അവിടെ കിടന്നതോടെ സെക്യൂരിറ്റി ജീവനക്കാർ കാറിന് അടുത്തേക്ക് എത്തി. എന്നാൽ കാറിനകത്ത് മഞ്ഞു മൂടിയ നിലയിലായതിനാൽ അകത്തുള്ള ആരേയും കാണാൻ പറ്റിയില്ല. ഒടുവിൽ കാറിൻ്റെ ഒരു ചില്ല് തകർത്ത് പരിശോധിച്ചപ്പോൾ ആണ് അബോധാവസ്ഥയിൽ വിനോദിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
ഉച്ചയോടെ കാറിനകത്ത് കേറിയ വിനോദ് കുമാർ കാറിൻ്റെ എ.സി സ്റ്റാർട്ടാക്കി വച്ചിരുന്നുവെന്നാണ് പൊലീസും സെക്യൂരിറ്റി ജീവനക്കാരും പറയുന്നത്. ഈ എ.സിയിൽ നിന്നുള്ള വിഷവായു ശ്വസിച്ച് വിനോദ് മരണപ്പെട്ടിരിക്കാം എന്നാണ് പൊലീസിൻ്റെ നിഗമനം. സംഭവത്തിൽ മറ്റു തരത്തിലുള്ള അസ്വഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും നാളെ പോസ്റ്റ് മോർട്ടം കഴിയുന്നതോടെ കാര്യത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നതെന്നും പൊലീസ് വ്യക്തമാക്കി. കാർ സ്റ്റാർട്ടാകാതെ എസി ഇട്ടിരുന്നാൽ വിഷവായു വരുമെന്നും ഈ വിഷവായു ശ്വസിച്ച് ആളുകൾ മരിച്ച സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
പാമ്പാടി പൊലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി കാർ പരിശോധിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അയ്യപ്പനും കോശിയും , ഒരു മുറൈ വന്ത് പാർത്തായ തുടങ്ങി നിരവധി സിനിമകളിൽ വിനോദ് തോമസ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.