സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് മരിച്ച പ്രവാസി മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.15 ഓടെയാണ് വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമായി ഒട്ടേറെ പേര് വീട്ടില്‍ എത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി 9.15ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് മൃതദേഹം കൊണ്ടുവന്നത്. ആല്‍ബര്‍ട്ടിന്റെ ഭാര്യാസഹോദരന്‍ അനൂപ് ടി. ജോണ്‍, ബന്ധുക്കളായ വിന്‍സന്റ് മഞ്ചേരില്‍, സോണി മഞ്ചേരില്‍, ബേബി, അബീഷ്, ആല്ബിന് എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
9.45ഓടെ വിമാനത്താവളത്തിന് പുറത്തെത്തിച്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നോര്‍ക്ക ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
പോര്‍ട്ട് സുഡാനില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹിയിലെ വ്യോമസേന വിമാനത്താവളത്തില്‍ വിമാനത്താവളത്തില്‍ മൃതദേഹം നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഏറ്റുവാങ്ങി. എമിഗ്രേഷന്‍ ക്ലിയറന്‍സ് അടക്കമുള്ള നടപടികള്‍ക്ക് ശേഷം വിമാനമാര്‍ഗം കോഴിക്കോട്ടേക്ക് എത്തിക്കുകയായിരുന്നു.
അഭ്യന്തരയുദ്ധത്തിന് താത്കാലിക ശമനമായതോടെ സുഡാനിലെ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്.ഏപ്രില്‍ 15നാണ് സുഡാനിലെ ഫ്ലാറ്റില്‍ വെച്ച് ആല്‍ബര്‍ട്ട് അഗസ്റ്റിന് വെടിയേറ്റ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കണ്മുന്നില് വച്ചായിരുന്നു ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ദാരുണാന്ത്യം.
ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ആല്‍ബര്‍ട്ടിന് ജനല്‍ വഴിയാണ് വെടിയേറ്റത്. വെടിയേറ്റയുടന് കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം 24 മണിക്കൂര്‍ കഴിഞ്ഞാണ് ഫ്ളാറ്റില്‍ നിന്നും മാറ്റാന്‍ സാധിച്ചത്. യുദ്ധഭൂമിയില്‍ കുടുങ്ങിയ ആല്‍ബര്‍ട്ടിന്റെ ഭാര്യയെയും മകളെയും കഴിഞ്ഞമാസം 27ന് നാട്ടിലെത്തിച്ചിരുന്നു.