താനൂർ തൂവൽ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ബോട്ടുടമ നാസർ ഒളിവിൽ തുടരുന്നു. നാസറിന്റെ ബന്ധു സലാം, അയൽവാസി ഷാഫി എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
അപകടത്തിൽപെട്ട ബോട്ട് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ട് രൂപം മാറ്റിയതാണെന്നുള്ള ആരോപണം ഉയരുന്നുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിലാണ് ബോട്ട് രൂപമാറ്റം ചെയ്തത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപാണ് ബോട്ട് സർവീസിനായി ഇറക്കിയതെന്നും പരാതിയുണ്ട്.
മീൻപിടിത്തത്തിനായി ഉപയോഗിക്കുന്ന ബോട്ട് ഒരു കാരണവശാലും ഉല്ലാസ യാത്രകൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് ബോട്ട് ഉടമ ബോട്ട് ഉല്ലാസയാത്രയ്ക്കായി ഉപയോഗിച്ചത്.
വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടുകളുടെ താഴ്ഭാഗം പരന്ന ആകൃതിയിലായിരുന്നു വേണ്ടത്. എന്നാൽ അപകടത്തിനിടയാക്കിയ ബോട്ട് മൽസ്യബന്ധനത്തിനുപയോഗിക്കുന്ന താഴ്ഭാഗം റൗണ്ട് ആകൃതിയിലുള്ള ബോട്ട് ആയിരുന്നു. കൂടുതൽ ആളുകൾ കയറിയാൽ ഇത്തരം ബോട്ടുകൾ ഒരു വശത്തേക്ക് ചെരിയും.ഇതായിരുന്നു അപകടകാരണവും.