പത്തനംതിട്ട: റാന്നി ആലപ്പാട്ട് വീട്ടിൽ കണ്ണുകൾക്ക് കാഴ്ച ശക്തിയില്ലാത്ത നാല് അംഗങ്ങളാണുള്ളത്. കണ്ണിലെ ഞരമ്പുകൾക്ക് ബലക്ഷയം സംഭവിക്കുന്ന രോഗാവസ്ഥയാണ് കുടുംബാംഗങ്ങളെ പിടികൂടിയത്. കണ്ണിന് കാഴ്ചയുള്ള കുടുംബനാഥയായ അന്നമ്മയാണ് എല്ലാവരുടെയും വഴികാട്ടി. അന്നമ്മയുടെ ഭർത്താവായ കുഞ്ഞുമോനാണ് ആദ്യം ഇരുട്ടിലായത്. പിന്നാലെ മകൻ ജോമോന്റെയും കാഴ്ചശക്തി കുറഞ്ഞ് വന്നു. മകൾ ജോമോളുടെ കാഴ്ച അമ്പതു ശതമാനം പോയിക്കഴിഞ്ഞു. വീട്ടിലെ പ്രായംകുറഞ്ഞ അംഗം എട്ടാം ക്ലാസ്സുകാരി ജിഷ്വലിന് എഴുപത്തിയഞ്ച് ശതമാനം മാത്രമേ കാഴ്ചയുള്ളൂ. വീട്ടിൽ വളർത്തുന്ന എട്ട് പശുക്കളാണ് ഈ വീട്ടുകാരുടെ ഏക ഉപജീവനമാർഗം. എട്ടാംക്ലാസുവരെ സ്കൂളിൽ പോയിരുന്ന ജോമോൻ കാഴ്ച തീർത്തും ഇല്ലാതായപ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. നിരവധി ഡോക്ടർമാരെ കണ്ട് ചികിത്സ തേടിയെങ്കിലും കാഴ്ച തിരികെ ലഭിക്കില്ലെന്നായിരുന്നു മറുപടി. ഇന്ന് നാൽപ്പത്തി മൂന്ന് വയസ് പിന്നിട്ട ജോമോൻ ഉൾക്കാഴ്ചയുടെ ബലത്തിലാണ് തന്റെ കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്.
കുടുംബത്തിന് തുണയായി ജീവിതം പടുത്തുയർത്താൻ ഒപ്പം നിന്നത് ഈ മിണ്ടാപ്രാണികളാണെന്ന് പറയുമ്പോൾ അന്നമ്മയുടെ മുഖം തിളങ്ങും. എട്ടുപശുക്കളെയും കുളിപ്പിക്കുന്നതും കറക്കുന്നതും പരിപാലനവുമെല്ലാം ജോമോനും എൺപതുകാരൻ കുഞ്ഞുമോനും ചേർന്നാണ്. ഇരുവർക്കും വെളിച്ചമായി അമ്മച്ചി അന്നമ്മയും ഒപ്പമുണ്ടാകും. പശുക്കളുടെ നിറമോ വലുപ്പമോ കാണാനാവില്ലെങ്കിലും കൊമ്പിന്റെ മുഴുപ്പും വളവും മിനുസവുമനുസരിച്ച് ഓരോരുത്തരേയും തിരിച്ചറിയും. പശുക്കളോട് ഇവർക്കുള്ളതുപോലെ അവയ്ക്ക് തിരിച്ചും സ്നേഹമാണ്.
പുല്ലുപറിക്കാൻ ജോമോൻ പോയി തിരികെയെത്തും വരെ അന്നമ്മയ്ക്ക് ആധിയാണ്. ഇഴ ജന്തുക്കളുടെ ആക്രമണമാണ് അന്നമ്മയ്ക്ക് ഏറ്റവും വലിയ ഭയം. മറ്റാരുടെയും സഹായമില്ലാതെ ജീവിക്കാൻ സാധിക്കുന്നുണ്ടെങ്കിലും ഇടിഞ്ഞ് വീഴാറായ വീടാണ് ഇവരുടെ ഏക ദുഖം. പശുക്കളെ വളർത്തുന്നതിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് വീട് പണിതുയർത്താനുള്ള ബാല്യം തങ്ങൾക്കില്ലെന്ന് കണ്ണീരോടെ അന്നമ്മ പറയുന്നു.
രോഗം അടുത്ത തലമുറയെയും കടന്നാക്രമിക്കുന്നതിന്റെ ഭീതിയാണ് വീട്ടിലുള്ളവർക്ക്. ഇരുട്ട് മൂടും മുൻപ് ഒരുപാട് കാഴ്ചകൾ കാണമെന്നാണ് ചെറുമക്കളായ ജിഷ്വലും അൻഷലും പറയുന്നത്. പഠിച്ച് വലുതായി മൃഗഡോക്ടറാകണമെന്നാണ് ജിഷ്വലിന്റെ ആഗ്രഹം. തന്റെ മക്കളുടെ ഗതി ചെറുമക്കൾക്കുണ്ടാകരുതെന്ന് മാത്രമാണ് അന്നമ്മയുടെ പ്രാർത്ഥന. അടച്ചുറപ്പുള്ള വീട് തങ്ങൾക്കായി സന്മനസുള്ളവർ തരുമെന്ന ശുഭപ്രതീക്ഷയിലാണ് അന്നമ്മ ചേട്ടത്തിയും കുടുംബവും
ബന്ധപ്പെടേണ്ട നമ്പർ: ജോമോൾ – +919526238104