ദില്ലി: കഴിഞ്ഞ തവണ 28-ൽ 25 സീറ്റുകളും നേടി മിന്നും പ്രകടനം കാഴ്ച വച്ച കർണാടകയിൽ പുതുമുഖങ്ങളെ പരീക്ഷിക്കാൻ ബിജെപി. വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ പല ബിജെപി നേതാക്കൾക്കും ഇക്കുറി കർണാടകയിൽ അവസരം കിട്ടിയേക്കില്ലെന്നാണ് സൂചന. ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഇന്ത്യൻ ഭരണഘടന ഹിന്ദുക്കൾക്ക് അനുകൂലമായ രീതിയിൽ മാറ്റിയെഴുതും എന്ന് കഴിഞ്ഞ ആഴ്ച പ്രസ്താവിച്ച അനന്തകുമാർ ഹെഡ്ഗെ അടക്കമുള്ളവരെ മത്സരിപ്പിക്കേണ്ട എന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിൻ്റെ നിലപാട് എന്നാണ് റിപ്പോർട്ടുകൾ.
ഉത്തര കന്നഡ സീറ്റിലെ എംപിയായ അനന്തകുമാർ ഹെഡ്ഗെയ്ക്ക് പകരം മറ്റൊരാളെ ആ സീറ്റിലേക്ക് ബിജെപിക്ക് നിയോഗിക്കും എന്നാണ് സൂചന. നേരത്തെ വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ഹെഡ്ഗെയെ തള്ളി പാർട്ടി രംഗത്ത് എത്തിയിരുന്നു. ഹെഡ്ഗെ പറഞ്ഞത് വ്യക്തിപരമായ കാര്യമാണെന്നും പാർട്ടി നിലപാടെല്ലുന്നുമായിരുന്നു ബിജെപിയുടെ വിശദീകരണം.
മൈസൂർ എംപിയായ പ്രതാപ് സിംഹ, ദാവൻഗരെയിൽ നിന്നുള്ള എംപിയും കേന്ദ്രമന്ത്രിയുമായ ജി.എം സിദ്ധേശ്വര, ബെല്ലാരിയിൽ നിന്നുള്ള യാരബാസി ദേവേന്ദ്രപ്പ, കോപ്പലിൽ നിന്നുള്ള കാരാടി സംഗണ്ണ അമരപ്പ, മുൻ സംസ്ഥാന ബിജെപി അധ്യക്ഷനും മംഗളൂരു എംപിയുമായ നളിൻ കുമാർ കട്ടീൽ എന്നിവരും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള എംപിമാരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. കേരളത്തിനെതിരെ നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന നളിൻ കുമാർ കട്ടീൽ മംഗളൂരുവിൽ നിന്നുള്ള പല ട്രെയിനുകളും കേരളത്തിലേക്ക് നീട്ടുന്നതിനെതിരെ നിരന്തരം പ്രതിഷേധിക്കുകയും റെയിൽവേമന്ത്രിക്ക് പരാതി കൊടുക്കുകയും ചെയ്യുന്ന ആൾ കൂടിയാണ്.
നിലവിൽ ഉഡുപ്പി ചിക്കമംഗളൂരു എംപിയായ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയെ ബാംഗ്ലൂർ നോർത്ത് സീറ്റിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്. ഉഡുപ്പിയിലെ പ്രാദേശിക ബിജെപി നേതൃത്വവും ശോഭയും തമ്മിലുള്ള ഭിന്നതയെ തുടർന്നാണ് സീറ്റുമാറ്റം. ശോഭയ്ക്ക് ഉഡുപ്പിയിൽ സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രാദേശിക നേതാക്കൾ ബിജെപി ദേശീയ അധ്യക്ഷന് കത്തയച്ചിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രണ്ടാം പട്ടികയിൽ ഇടംപിടിച്ചേക്കാമെന്നും അദ്ദേഹം ഹവേരി-ഗഡഗ് സീറ്റിൽ നിന്ന് മത്സരിക്കുമെന്നും ബിജെപി വൃത്തങ്ങൾ സൂചന നൽകുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയ്ക്ക് അംഗീകാരം നൽകാൻ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) ഇന്നലെ യോഗം ചേർന്നിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടക, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളിലെ 99 സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് സിഇസിയിൽ ചർച്ച നടന്നു.
തിങ്കളാഴ്ചത്തെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കൾ അന്തിമ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പരിശോധിച്ചു. യോഗത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.