തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രണ്ടാം തവണയും ബിജെപിയില്‍ ചേരാന്‍ ലക്ഷ്യമിട്ട് ഡല്‍ഹിയിലെത്തിയ മുകുള്‍ റോയ് പ്രതിസന്ധിയില്‍. പശ്ചിമ ബംഗാള്‍ ബിജെപിയിലേക്ക് മുകുള്‍ റോയിയെ ക്ഷണിക്കാന്‍ താത്പര്യമില്ല എന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കിയതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ബിജെപി പ്രവേശനം പ്രതിസന്ധിയിലായത്.
‘ഇത്തരത്തിലുള്ള ആളുകളില്‍ ഞങ്ങള്‍ക്ക് ഒരു താത്പര്യവുമില്ല. ബൂത്ത് തലത്തില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്. പശ്ചിമ ബംഗാള്‍ ബിജെപി സ്വതന്ത്രമായി നിലകൊള്ളുകയാണ്. ഒരു നേതാക്കളെയും കൊണ്ടുവരാന്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നില്ല. ഇത്തരത്തില്‍ എല്ലായിടത്തുനിന്നും ഒഴിവാക്കപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് വേണ്ട,’ സുവേന്ദു അധികാരി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ച മുകുള്‍ റോയിയെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. അദ്ദേഹത്തിന് എവിടെ വേണമെങ്കിലും പോകാമെന്ന് തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും പറഞ്ഞു.
മുകുള്‍ റോയ് ഒരു ബിജെപി എം.എല്‍.എയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം പാര്ട്ടിവിടുന്നതിനെക്കുറിച്ചുള്ള ചോദ്യം തന്നെ അപ്രസക്തമാണ്. അദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന് നല്കിയ പരാതിയില്‍ പൊലീസ് അന്വേഷിക്കും. ഇക്കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ സ്ഥാപക നേതാക്കളിലൊരാളാണ് മുകുള്‍ റോയ്. തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹം അമിത് ഷായെയും ജെ പി നദ്ദയെയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഡല്‍ഹിയില്‍ എത്തിയത്.
‘ഞാന്‍ ഒരു ബിജെപി എം.എല്‍.എയാണ്. എനിക്ക് ബിജെപിയോടൊപ്പം നില്‍ക്കണം. ഇവിടെ നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി തനിക്ക് താമസിക്കാനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എനിക്ക് അമിത്ഷായെയും ജെപി നദ്ദയെയും കണ്ട് സംസാരിക്കണം,’ എന്നായിരുന്നു മുകുള്‍ റോയ് പറഞ്ഞത്.
അസുഖത്തെതുടര്‍ന്ന് കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. രാഷ്ട്രീയത്തില്‍ സജീവമാകും. തൃണമൂലുമായി ഇനി ഒരു ബന്ധവുമുണ്ടാകില്ലെന്ന് താന്‍ 100 ശതമാനം ഉറപ്പിച്ചു പറയുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം മുകുള്‍ റോയിയെ കാണാനില്ലെന്ന് പറഞ്ഞ് മകന് സുഭ്രന്ഷു റോയ് രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട മുകുള്‍ റോയിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു മകന്റെ പരാതി. ഇതിന് പിന്നാലെയാണ് മുകുള്‍ റോയ് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്.
അതേസമയം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ തന്റെ അച്ഛന് സുഖമില്ലെന്ന് സുഭ്രന്ഷു റോയ്. പാര്ക്കിന്സണ് രോഗവും ഡിമെന്‍ഷ്യയും മൂലം അദ്ദേഹം തീരെ സുഖമില്ലാതിരിക്കുകയാണ്. മനസ് ശരിയായ നിലയിലല്ല. സുഖമില്ലാതിരിക്കുന്ന ആളുമായി രാഷ്ട്രീയം നടത്തരുത്. അദ്ദേഹത്തെ കാണാതായതിന് ശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നതായും സുഭ്രന്ഷു റോയ് പറഞ്ഞിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള അഭിപ്രായ ഭിന്നതയെതുടര്‍ന്ന് 2017ല്‍ മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2020ല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുകുള്‍ റോയ് വീണ്ടും തൃണമൂലില്‍ എത്തുകയായിരുന്നു. എം.എല്‍.എ സ്ഥാനം രാജിവെക്കാതെയായിരുന്നു തൃണമൂലിലേക്ക് എത്തിയത്. പിന്നാലെയാണ് വീണ്ടും ബിജെപിയില്‍ പോകാനുള്ള നീക്കം.