മലയാളത്തിൻ്റെ ഹാസ്യ സാമ്രാട്ട് കുതിരവട്ടം പപ്പു ഇന്നും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മയാണ്. അദ്ദേഹം അഭ്രപാളിയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് നിത്യവസന്തമാണ്. പപ്പു വിടപറഞ്ഞിട്ട് 23 വർഷം തികയുകയാണ്. ഈ അവസരത്തിൽ മകൻ ബിനു പപ്പു കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അച്ഛനെക്കുറിച്ച എഴുതിയ വരികൾ ഇങ്ങനെ.
“അച്ഛാ, എനിക്ക് നിങ്ങളോടൊന്ന് സംസാരിക്കാനും എൻ്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു”, എന്നാണ് ബിനു പപ്പു കുറിച്ചത്. ബിനു പപ്പുവിൻ്റെ പോസ്റ്റിന് പിന്നാലെ പപ്പുവിൻ്റെ ആരാധകർ അദ്ദേഹത്തിൻ്റെ ഓർമകൾ പങ്കുവച്ചു.
കുതിരവട്ടം പപ്പുവിൻ്റെ ആദ്യ ചിത്രം ‘മൂടുപടം’ ആണ്. ‘ഭാർഗ്ഗവീനിലയം’ത്തിന് ശേഷമാണ് പദ്മദളാക്ഷൻ എന്ന പേര് മാറി കുതിരവട്ടം പപ്പു ആകുന്നത്. ഭാർഗ്ഗവീനിലയത്തിലെ അദ്ദേഹത്തിൻ്റെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു എന്നത്. അതുവരെ മലയാളി ശ്രദ്ധിക്കാതെപോയ കോഴിക്കോടൻ ശൈലിയിലുള്ള പപ്പുവിൻ്റെ സംഭാഷണം ഇരുകൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ, അങ്ങാടി, കാണാക്കിനാവ്, ഏതോ ഒരു തീരം, ഗര്‍ഷോം, ദി കിങ്ങ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മണിചിത്രത്താഴ്, ചാകര, അഹിംസ, ചന്ദ്രലേഖ, ഏയ് ഓട്ടോ, വിയറ്റ്നാം കോളനി, മിഥ്യ, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ പപ്പുവിന്റെ വേഷങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഷാജി കൈലാസ് – മോഹൻലാൽ ചിത്രം ‘നരസിംഹം’ ആയിരുന്നു പപ്പുവിൻ്റെ അവസാന ചിത്രം. വാർധക്യസഹജമായ അസുഖങ്ങളാൽ 2000 ഫെബ്രുവരി 25നായിരുന്നു നടൻ്റെ വേർപാട്.