നടൻ സുധി കൊല്ലത്തിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട മിമിക്രി താരങ്ങളായ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും സുഖം പ്രാപിക്കുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള ഡ്രൈവർ ഉല്ലാസിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ബിനു അടിമാലിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അമൃത ആശുപത്രിയിൽ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായ മിമിക്രി താരം മഹേഷ് കുഞ്ഞുമോനും സാധാരണ നിലയിലേക്ക് വരികയാണ്.
അതേസമയം ശരീരത്തിനേറ്റ പരിക്കുകളേക്കാൾ അപകടം സൃഷ്ടിച്ച മാനസിക ആഘാതത്തിലാണ് ബിനു അടിമാലി. അപകടം നടന്ന കാറിൽ പിൻസീറ്റിലായിരുന്നു ബിനുവുണ്ടായിരുന്നത്. മുൻസീറ്റിൽ കൊല്ലം സുധിയും. കാർ അപകടത്തിൽപ്പെട്ടപ്പോൾ എല്ലാവരും ഉറക്കത്തിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഞെട്ടിയെണീറ്റ ബിനുവിന് ദുരന്തദൃശ്യങ്ങൾ നേരിൽ കാണേണ്ടി വന്നതിൻ്റെ മാനസികാഘാതത്തിൽ നിന്നും ഇതുവരെ മോചിതനാവാൻ സാധിച്ചിട്ടില്ലെന്ന് ബിനുവിൻ്റെ സുഹൃത്തുകളായ ബിനീഷ് ബാസ്റ്റിനും ലക്ഷ്മി നക്ഷത്രയും പറഞ്ഞു.
ബിനു ചേട്ടന് ഗുരുതരമായ പരിക്കില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ബിനു ചേട്ടന് ഇപ്പോഴും അപകടത്തിൻ്റെ ഷോക്ക് വിട്ടുമാറിയിട്ടില്ല. സുധി ചേട്ടൻ്റെ അവസാനത്തെ സ്റ്റേജിലും പിന്നെയുണ്ടായ അപകടത്തിലും ബിനു ചേട്ടൻ കൂടെയുണ്ടായിരുന്നു. ബിനു ചേട്ടനായാലും ഞാനായാലും ടീമിലെ എല്ലാവരും വല്ലാത്ത അവസ്ഥയിലാണ്. കിടന്നിട്ടും ഉറക്കം വരുന്നില്ലെന്നാണ് ബിനു ചേട്ടൻ പറയുന്നത്. സുധി ചേട്ടൻ്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. തിരിച്ചു വരാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നാണ് ബിനു ചേട്ടൻ പറഞ്ഞത്. എല്ലാവരും അദ്ദേഹത്തിനും മഹേഷിനും ഉല്ലാസിനും വേണ്ടി പ്രാർത്ഥിക്കണം – ബിനീഷ് ബാസ്റ്റിൻ
കഴിഞ്ഞ ദിവസം ബിനു ചേട്ടനെ കണ്ടിരുന്നു. അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്. സമയമെടുക്കും. എല്ലാവരും ഉറക്കത്തിലായിരുന്നപ്പോഴാണ് അപകടം നടക്കുന്നത്. ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത് സുധി ചേട്ടന്റെ വേദനകളും ബുദ്ധിമുട്ടുകളുമാണ്. എല്ലാം നേരിട്ട് കണ്ടതിന്റെ ഒരു ട്രോമ ബിനു ചേട്ടനുണ്ട്. മഹേഷിന്റെ സർജറി കഴിഞ്ഞു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം. നല്ലൊരു കലാകാരനായിരുന്നു സുധി ചേട്ടൻ. യാം. ഇനി എന്ത് ചെയ്യും. ആ ആത്മാവിന് ശാന്തി കിട്ടട്ടേ. അപകടത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ ചേട്ടനെ കണ്ടതാണ്. അന്ന് ഞാൻ ചേട്ടനെ കുറെ ഉപദേശിച്ച് വിട്ടതാ. കാരണം സുധി ചേട്ടൻ അടുത്തിടെയായി വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണിൽ മഞ്ഞ നിറവും വന്നിരുന്നു. ബോഡി ചെക്കപ്പ് നടത്തി എന്താണെന്ന് നോക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് പോയത്. നമുക്ക് ഇത്രയും വിഷമമുണ്ടെങ്കിൽ വീട്ടുകാരുടെ അവസ്ഥ ചിന്തിക്കാൻ വയ്യ. ആ കുടുംബത്തിന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഞാനും ചെയ്യും. സുധി ചേട്ടന് ഷൂട്ടിന് ഇടാൻ ഷർട്ടൊക്ക ഞാനാണ് സെലക്ട് ചെയ്ത് കൊടുത്തിരുന്നത്. ഇനി ഫ്ലോറിൽ വരുമ്പോൾ ഞാൻ ഓരോ കാര്യങ്ങളും ആരോടാ പറയുക – ലക്ഷ്മി നക്ഷത്ര