ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് കത്താറയിൽ വമ്പിച്ച ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ലോകകപ്പ് ആഘോഷങ്ങൾക്ക് പുറമെയാണ് മറ്റ് കൂടുതൽ പരിപാടികൾ ഒരുക്കുന്നത്. ഇന്നും നാളെയും ഉച്ചയ്ക്കുശേഷം 3 മുതൽ രാത്രി 11 വരെ കത്താറ കോർണിഷിൽ ഖത്തരി അർധയുടെ കലാപരിപാടികൾ നടക്കും.
കഴിഞ്ഞ ദിവസം കത്താറ ബീച്ചിൽ നടന്ന ജോയിന്റ് സ്പെഷൽ ഫോഴ്സിന്റെയും ഖത്തർ എയർ സ്പോർട്സ് കമ്മിറ്റിയുടെയും പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. പാരാട്രൂപ്പേഴ്സും പാരാമോട്ടർഷോകളും പുതിയ ദൃശ്യാനുഭവമായി. മെറൂണിലും വെള്ളയിലും കത്താറയുടെ ആകാശം പ്രകാശിപ്പിച്ചത് കാണികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു.