സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ശനിയാഴ്ച ടെഹ്റാനിലെത്തിയതായി സൗദി, ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫൈസൽ രാജകുമാരൻ തന്റെ സന്ദർശന വേളയിൽ ഇറാനിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും, ടെഹ്റാനിലെ രാജ്യത്തിന്റെ എംബസിയും മഷാദിലെ കോൺസുലേറ്റും വീണ്ടും തുറക്കുന്നതിലും സന്ദർശനത്തിനിടെ തീരുമാനമുണ്ടാവും എന്നാണ് കരുതുന്നത്.
ചൈനയുടെ മധ്യസ്ഥതയിൽ ബീജിംഗിൽ മാർച്ചിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ രാജകുമാരനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാനുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാൻ ധാരണയായിരുന്നു.
ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാൻ സമ്മതിച്ചതിന് ശേഷം ഇറാൻ ധനമന്ത്രി എഹ്സാൻ ഖണ്ഡോസി മെയ് മാസത്തിൽ സൗദിയിലെത്തിയിരുന്നു. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വീണ്ടും തുറന്നിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സാമ്പത്തിക കരാറുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. വിമാന സർവീസുകൾ പുനരാരംഭിക്കാനും പൗരന്മാർക്ക് വിസ നൽകാനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.
മുമ്പ് വിദേശകാര്യ സഹമന്ത്രിയും കുവൈറ്റിലെ ഇറാൻ അംബാസഡറുമായിരുന്ന അലിറേസ എനായത്തിയെ കഴിഞ്ഞ മാസം ഇറാൻ സൗദി അറേബ്യയിലെ അംബാസഡറായി നിയമിച്ചിരുന്നു. 2016ൽ ടെഹ്റാനിലെ സൗദി എംബസിയും മഷാദിലെ കോൺസുലേറ്റും പ്രതിഷേധക്കാർ ആക്രമിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു.
ഇറാനുമായുള്ള തർക്കം തീർത്തതിന് പിന്നാലെ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച അറബ് ലീഗ് ഉച്ചകോടിയിലേക്ക് സിറിയയെ ക്ഷണിക്കുകയും. നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ നേതൃത്വത്തിൽ അറബ് രാഷ്ട്രങ്ങളെ ഒന്നാകെ ഐക്യത്തോടെ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ ഇപ്പോൾ മുന്നോട്ട് പോകുന്നത്.