അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കായി ബാലിയിലെത്തിയപ്പോഴാണ് ഇരുവരും കണ്ടത്. തായ്വാന്റെ പേരിൽ ചൈനയും യുഎസും നേർക്കുനേർ ഇടഞ്ഞുനിൽക്കുന്നതിനിടെയാണു പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച.
ജി20 ഉച്ചകോടിക്കിടെ നടക്കുന്ന യുഎസ്-ചൈന നയതന്ത്രചർച്ചയിൽ തായ്വാൻ മുഖ്യ ചർച്ചാവിഷയമാകും. തായ്വാനെ ബലം പ്രയോഗിച്ചാണെങ്കിലും രാജ്യത്തോടു കൂട്ടിച്ചേർക്കുമെന്നാണു ചൈനയുടെ നിലപാട്. എന്നാൽ, തായ്വാനിൽ ചൈന അധിനിവേശം നടത്തിയാൽ അമേരിക്ക പ്രതിരോധം തീർക്കുമെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റിൽ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടിമുടി വഷളായത്.