ചൈനീസ് അധിനിവേശമുണ്ടായാൽ അമേരിക്കൻ സൈന്യം തായ് വാനെ പ്രതിരോധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ചൈന തായ് വാനിൽ ആക്രമണം നടത്തിയാൽ യു എസ് സൈനികമായി ഇടപെടുമെന്ന് ബൈഡൻ ഈ വർഷം ആദ്യം ജപ്പാനിൽ വച്ചും പറഞ്ഞിരുന്നു. ഇത് ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് പുതിയ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.
സ്വയം ഭരിക്കുന്ന ദ്വീപുമായി ബന്ധപ്പെട്ട് നയപരമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നായിരുന്നു വൈറ്റ് ഹൗസിന്റെ നിലപാട്. എന്നാലിപ്പോൾ തായ് വാനോടുള്ള തന്ത്രപരമായ അവ്യക്തത എന്ന നയത്തിൽ നിന്ന് മാറുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ബൈഡന്റെ പരാമർശം എന്നാണ് കരുതുന്നത്. അതേസമയം ബൈഡന്റെ പരാമർശങ്ങളെ ബെയ്ജിങ് അപലപിച്ചു. സ്വയം ഭരിക്കുന്ന ദ്വീപിനെകുറിച്ചുള്ള ദീർഘകാല യു എസ് നയം അവർ കഠിനമായി ലംഘിക്കുന്നുവെന്നാണ് ബെയ്ജിങ് വിമർശിച്ചത്.
തായ് വാനെ ബെയ്ജിങ്ങിന്റെ നിയന്ത്രണത്തിലാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റിൽ യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ് വാൻ സന്ദർശിച്ചതിന് ശേഷമാണ് ചൈന കൂടുതൽ ശത്രുത പുലർത്താൻ തുടങ്ങിയത്.