2024 യുഎസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ജോ ബൈഡൻ കഴിഞ്ഞ ദിവസം പുറത്തു വിട്ട വിഡിയോയിലൂടെയാണ് അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. റിപ്പബ്ലിക്ക് പാർട്ടിക്കായി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ ഡൊണാൾഡ് ട്രംപും പ്രഖ്യാപിച്ചിരുന്നു.
2021ൽ ട്രംപ് അനുയായികൾ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളോടെയായിരുന്നു ജോ ബൈഡൻ തന്റെ സ്ഥാനാർഥി പ്രഖ്യാപന വീഡിയോ പങ്കുവച്ചത്. “4 വര്ഷം മുൻപ് മത്സരിച്ചപ്പോൾ അമേരിക്കയുടെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടമാണെന്ന് ഞാൻ പറഞ്ഞിരുന്നു. ആ പോരാട്ടം ഇവിടെ തുടങ്ങുകയാണ്” സാമൂഹിക സുരക്ഷാ, ഗർഭഛിദ്രവകാശം, ജനാധിപത്യ സംരക്ഷണം എന്നിവയും 2024 ലെ പ്രധാന വിഷയങ്ങളാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
എന്നാൽ പ്രായക്കൂടുതൽ കാരണം ഒരു വിഭാഗം അമേരിക്കക്കാർ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നുണ്ട്. ബൈഡൻ പ്രസിഡന്റായി മത്സരിക്കുമ്പോൾ വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് കമല ഹാരിസും മത്സരിക്കുന്നുണ്ട്. ബൈഡനും ട്രംപുമല്ലാതെ മറ്റൊരാൾ അമേരിക്കൻ പ്രസിഡൻ്റാവണം എന്നാണ് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നതെന്ന് ഈയിടെ നടന്ന ഒരു സർവ്വേയിൽ കണ്ടെത്തിയിരുന്നു.