രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശ്രീനഗറിലെത്തി. ശ്രീനഗറിലെ പന്ത ചൗക്കിൽ നിന്ന് ലാൽ ചൗക്കാണ് ഇന്നത്തെ യാത്രയുടെ ലക്ഷ്യം. 10 മണിക്ക് തുടങ്ങിയ യാത്ര 12 മണിക്ക് രാഹുൽ ഗാന്ധി ലാൽ ചൗക്കിൽ പതാക ഉയർത്തുന്നതോടെ സമാപിക്കും. നാളെ ശ്രീനഗറിൽ ഷെർ -ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് യാത്രയുടെ സമാപന സമ്മേളനം. ത്രിതല സുരക്ഷയാണ് രാഹുൽ ഗാന്ധിക്കായി ഒരുക്കിയിട്ടുള്ളത്. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുതിർന്ന നേതാക്കൾ, ജനറൽ സെക്രട്ടറിമാർ, മുഖ്യമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരെല്ലാം ഇന്ന് ശ്രീനഗറിൽ എത്തിച്ചേരും.
136 ദിവസം കൊണ്ട് 4080 കിലോമീറ്റർ താണ്ടിയാണ് യാത്ര ശ്രീനഗറിലെത്തിയത്. നാഷനൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവർക്കു പിന്നാലെ പിഡിപി മേധാവി മെഹബൂബ മുഫ്തിയും ഇന്നലെ യാത്രയിൽ അണിചേർന്നിരുന്നു. കശ്മീരിലെ 2 പ്രമുഖ പ്രാദേശിക കക്ഷികൾ രാഹുലിനു പരസ്യ പിന്തുണയുമായി രംഗത്തുവന്നത് പ്രതിപക്ഷ ഐക്യം ദൃഢമാകുന്നുവെന്ന സൂചനയാണ്. മകൾക്കും അമ്മയ്ക്കുമൊപ്പമാണ് മെഹബൂബ രാവിലെ രാഹുലിനൊപ്പം യാത്രയിൽ അണിചേർന്നത്. പ്രിയങ്ക ഗാന്ധിയും യാത്രയിലുണ്ടായിരുന്നു.
സമാപന സമ്മേളനത്തിലേക്ക് 23 കക്ഷികളെയാണു ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്ന് അറിയിച്ചു.
അതേസമയം, പ്രബല കക്ഷികളായ തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നിവ സമ്മേളനത്തിൽ നിന്നു വിട്ടുനിൽക്കുന്നത് ഐക്യ പ്രതിപക്ഷ നീക്കത്തിനേറ്റ തിരിച്ചടിയാണ്.